ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉപയോഗിച്ചിരുന്ന ഒരു കാർ. 1947-ൽ അത്യാഡംബരത്തിന്റെ പ്രതീകമായിരുന്ന ഒരു വാഹനം. റോൾസ് റോയ്സ് സിൽവർ റെയ്ത്ത്! സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും ആദ്യത്തെ ഗവർണർ ജനറലുമായിരുന്ന മൗണ്ട് ബാറ്റനാണ് ഈ പ്രശസ്തമായ റോൾസ് റോയ്സ് സിൽവർ റെയ്ത്ത് സമ്മാനിച്ചത്.

To advertise here,

1947-ൽ എലിസബത്ത് രാജ്ഞി, ഇന്ത്യയിലെ തൻ്റെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റന് ആയിരുന്നു ഈ റോൾസ് റോയ്സ് സിൽവർ റെയ്ത്ത് ആദ്യം സമ്മാനിച്ചത്. പിന്നീട്, ഈ വാഹനം ഇന്ത്യൻ സർക്കാരിന് കൈമാറുകയായിരുന്നു. 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനെത്തുടർന്ന്, സിൽവർ റെയ്ത്ത് ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക വാഹനമായി മാറി. അതിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരൻ ജവഹർലാൽ നെഹ്‌റുവായിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിയും ഈ വാഹനം ഉപയോ​ഗിച്ചു. വർഷങ്ങളോളം, അത്യാഡംബരത്തിന്റെ ഈ പ്രതീകം രാജ്യത്തിന്റെ ഔദ്യോഗിക വാഹനമായി തുടർന്നു. 

4.3 ലിറ്റർ എൻജിനും 4-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ഈ വാഹനം അക്കാലത്തെ എൻജിനീയറിങ്ങിന്റെയും കരകൗശലത്തിന്റെയും ഒരു ആഡംബര വിസ്മയമായിരുന്നു. വെള്ളിയിൽ തീർത്ത ഹുഡും ക്രോം ഗ്രില്ലുമായി കാറിന് ആകർഷകമായ രൂപമായിരുന്നു. റേഡിയോ, തടി കൊണ്ടുള്ള അലങ്കാരങ്ങൾ, ആഡംബരപൂർണമായ ലെതർ ഇൻ്റീരിയർ എന്നിവയുമുണ്ടായിരുന്നു. 

സിൽവർ റെയ്ത്തിൻ്റെ ആദ്യകാല മോഡലുകൾക്ക് 4-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ച 4.3 ലിറ്റർ ഇൻലൈൻ-സിക്സ് എൻജിനായിരുന്നു ഉണ്ടായിരുന്നത്. പിന്നീടുള്ള പതിപ്പുകൾ 4.9 ലിറ്റർ വരെ ശേഷിയുള്ള എൻജിനുകളിലേക്ക് മാറി.