
രണ്ട് റീ ബാഡ്ജിങ്ങ് മോഡലുകള്‍, സംയുക്തമായി നിര്‍മിച്ച ഒരു വാഹനം എന്നിങ്ങനെ ടൊയോട്ട-മാരുതി സുസുക്കി കൂട്ടുക്കെട്ട് ഇന്ത്യന്‍ വിപണിയില്‍ കരുത്താര്‍ജിക്കുകയാണ്. ബൊലേനോയുടെ ടൊയോട്ട പതിപ്പായി ഗ്ലാന്‍സയും, ബ്രെസ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ച് അര്‍ബണ്‍ ക്രൂയിസറായതും വലിയ സ്വീകാര്യത നേടിയിവയാണ്. ഇതിനുപിന്നാലെ ഇരുകമ്പനികളും സംയുക്തമായി തന്നെ നിര്‍മിച്ച് രണ്ട് പേരുകളില്‍ വിപണിയില്‍ എത്തിയ ഗ്രാന്റ് വിത്താരയും അര്‍ബണ്‍ ക്രൂയിസര്‍ ഹൈറഡറും ചരിത്രം ആവര്‍ത്തിച്ചു.
മാരുതിയുടെ വാഹനങ്ങള്‍ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ച് എത്തുകയും, ഇരുകമ്പനികളും സംയുക്തമായി വാഹനം നിര്‍മിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ടൊയോട്ടയുടെ ഒരു വാഹനം മാരുതിയുടെ റീ ബാഡ്ജിങ്ങ് ആയി എത്തിയിട്ടില്ലെന്നാണ് വസ്തുത. എന്നാല്‍, ടൊയോട്ടയില്‍ നിന്ന് അടുത്തതായി വിപണിയില്‍ എത്താനൊരുങ്ങുന്ന ഹൈക്രോസ് എന്ന വാഹനം മാരുതിയുടെ മേല്‍വിലാസത്തിലും എത്തിച്ച് ഈ കുറവ് പരിഹരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. സി സെഗ്മെന്റ് എം.പി.വിയായാണ് ഹൈക്രോസിന്റെ വരവ്.
ടൊയോട്ടയില്‍ നിന്ന് മാരുതി സുസുക്കിക്ക് നല്കുന്ന ആദ്യ ക്രോസ് ഓവര്‍ മോഡലായിരിക്കും ഇതെന്നാണ് സൂചന. ഹൈക്രോസ് എന്നാണ് ഈ വാഹനത്തിന് പേര് നല്‍കുകയെന്ന് വിവരങ്ങള്‍ ഉണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നിര്‍മാതാക്കള്‍ നടത്തിയിട്ടില്ല. ഇന്തോനേഷ്യന്‍ വിപണിയില്‍ അടുത്ത മാസം ഇന്നോവയുടെ ഹൈബ്രിഡ് മോഡല്‍ അവതരണത്തിനൊരുങ്ങുകയാണ്. ഒരുപക്ഷെ ഇന്ത്യയിലും ഇന്നോവ ഹൈബ്രിഡ് എന്ന പേരിലായിരിക്കും ഈ എം.പി.വി. ടൊയോട്ട എത്തിക്കുകയെന്നും വിലയിരുത്തലുണ്ട്.
ടൊയോട്ടയില്‍ നിന്ന് അടുത്തതായി ഇന്ത്യയില്‍ എത്തുന്ന വാഹനമായിരിക്കും ഇന്നോവ ഹൈക്രോസ് എന്നാണ് അഭ്യൂഹങ്ങള്‍. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടി.എന്‍.ജി.എ) പ്ലാറ്റ്ഫോമിലായിരിക്കും ഇന്നോവ ഹൈക്രോസ് നിര്‍മിക്കുക. ക്രിസ്റ്റയില്‍ നിന്ന് വ്യത്യസ്തമായി പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനം എത്തുന്നത്. അതേസമയം, ടൊയോട്ടയുടെ സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനം നല്‍കുന്നതോടെ ഉയര്‍ന്ന ഇന്ധനക്ഷമതയായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്രയെന്നും വിലയിരുത്തലുകളുണ്ട്.
എന്നാല്‍, പുതിയ വാഹനത്തിനൊപ്പം ക്രിസ്റ്റയുടെ വില്‍പ്പനയും തുടരുമെന്നാണ് വിലയിരുത്തലുകള്‍. ആര്.ഡബ്ല്യു.ഡി ലേഔട്ടിലും ലാഡര്‍ ഓണ്‍ ഫ്രെയിം ഷാസിയിലുമാണ് ഈ വാഹനം നിര്‍മിക്കുന്നത്. പുതിയ മോണോകോക്ക് പ്ലാറ്റ്ഫോമായിരിക്കും ഈ വാഹനത്തിന് അടിസ്ഥാനം. നിലവിലെ ക്രിസ്റ്റയെക്കാള്‍ 100 എം.എം. അധികം നീളം നല്കി 2860 എം.എം. വീല്‍ബേസിലാണ് ഹൈക്രോസ് ഒരുങ്ങുന്നത്. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി അഡാസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇതില്‍ നല്‍കും.
Source: Business Standard
Content Highlights: Maruti suzuki will launch Toyota Innova Hycross, toyota new mpv
Published: 20 Oct 2022, 10:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented