പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങള്‍ക്ക് പകരമായി ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളും, ഒന്നിലധികം ഇന്ധനങ്ങളിലോടുന്നതുമായി വാഹനങ്ങള്‍ വികസിപ്പിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട. ഇതേതുടര്‍ന്ന് പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ടയുടെ ആദ്യ വാഹനം ഓഗസ്റ്റ് 29-ന് അവതരിപ്പിക്കും. 

To advertise here,

ടൊയോട്ടയുടെ എം.പി.വി. വാഹനമായ ഇന്നോവ തന്നെയായിരിക്കും എഥനോള്‍ വാഹനമായി എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബദല്‍ ഇന്ധന മാര്‍ഗങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ടൊയോട്ട അടുത്തിടെയാണ് ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വാഹനമായ മിറായി ഇന്ത്യയില്‍ എത്തിച്ചത്. ലോകത്തിലെ തന്നെ ആദ്യത്തെ ബി.എസ്-6 ഇലക്ട്രിഫൈഡ് ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനമായിരിക്കും ടൊയോട്ട എത്തിക്കുന്ന ഈ മോഡല്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ഇ100 സൂചിപ്പിക്കുന്നത് പോലെ തന്നെ 100 ശതമാനവും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന, ബി.എസ്.6 സ്റ്റേജ് 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ കാറായിരിക്കും ടൊയോട്ടയില്‍ നിന്നെത്തുന്ന ഈ മോഡലെന്നാണ് മന്ത്രിയും അഭിപ്രായപ്പെട്ടത്. വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇ10-ല്‍ നിന്ന് ഇ100 നിലവാരത്തിലുള്ള എഥനോള്‍ കാറുകള്‍ നിര്‍മിക്കാന്‍ സാധിച്ചത് രാജ്യത്തിന് തന്നെ അഭിമാനമായാണ് കണക്കാക്കുന്നതെന്നും മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു. 2004-ന് ശേഷമാണ് ജൈവ ഇന്ധനങ്ങളുടെ സാധ്യത ഉയര്‍ന്നതെന്നും മന്ത്രി അവകാശപ്പെട്ടു. 

എഥനോള്‍ വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക് വാഹന നിര്‍മാതാക്കള്‍ എത്തിയിട്ടില്ലെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെയും സി.എന്‍.ജി. പോലുള്ള ഹരിത ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെയും നിര്‍മാണത്തില്‍ ഇന്ത്യയിലെ ഭൂരിഭാഗം വാഹന നിര്‍മാതാക്കളും ബഹുദൂരം മുന്നിലാണ്. ഇതിനൊപ്പം എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിര്‍മാണവും നിര്‍മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നിരവധി ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ പോലെ ഹൈബ്രിഡ് വാഹനങ്ങളുടെ സാന്നിധ്യവും വിപണിയില്‍ ശക്തമാണ്. മാരുതി സുസുക്കി ഗ്രാന്റ് വിത്താര, ടൊയോട്ട ഹൈറൈഡര്‍, ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഇന്‍വിക്ടോ, ഹോണ്ട സിറ്റി തുടങ്ങിയ ഹൈബ്രിഡ് കാറുകളാണ് അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചത്. മുന്‍നിര ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയവരില്‍ നിന്നും വരും വര്‍ഷങ്ങളില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകള്‍.