ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വാഹനനിരയിൽ ഏറ്റവുമൊടുവിൽ എത്തിയ വാഹനങ്ങളിൽ ഒന്നാണ് വിക്ടോറിസ് എന്ന എസ്‌യുവി. ഗ്രാന്റ് വിത്താരയുടെ പ്ലാറ്റ്‌ഫോമിൽ ഒരുങ്ങി അരീന ഡീലർഷിപ്പുകളിലൂടെ നിരത്തുകളിൽ എത്തുന്ന ഈ വാഹനം ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള എസ്‌യുവികളുടെ പട്ടികയിലും ഇടംനേടി കഴിഞ്ഞു.

To advertise here,

എന്നാൽ, വിക്ടോറിസിന്റെ വിൽപ്പന പൊടിപൊടിക്കുന്നതിനിടെ അസാധാരണമായി ഒരു നീക്കം നടത്തിയിരിക്കുകയാണ് നിർമാതാക്കളായ മാരുതി സുസുക്കി. വിക്ടോറിസിന്റെ പെട്രോൾ പതിപ്പുകളുടെ വില കുറയ്ക്കുകയാണ് മാരുതി ചെയ്തിരിക്കുന്നത്. വേരിയന്റുകൾക്ക് അനുസരിച്ച് വിലയിൽ 38,900 രൂപയുടെ വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിപണിയിൽ നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വില കുറവെന്നാണ് വിശദീകരണം.

നിലവിൽ ഇന്ത്യയിലെ സി-സെഗ്മെന്റ് എസ്‌യുവികളിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനമായി മാറാൻ വിക്ടോറിസിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വില കുറവ് എല്ലാ മോഡലുകൾക്കും ബാധകമല്ലെന്നും മാരുതി അറിയിച്ചിട്ടുണ്ട്. ZXi (O) മാനുവൽ, ZXi (O) ഓട്ടോമാറ്റിക്, ZXi പ്ലസ് ഓട്ടോമാറ്റിക്, ZXi പ്ലസ് ഓപ്ഷണൽ ഓട്ടോമാറ്റിക്, എന്നീ വേരിയന്റുകളുടെ വിലയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സ്‌ട്രോങ്ങ്-ഹൈബ്രിഡ്, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളുണ്ട്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടു കൂടിയ 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കും നൽകും.

മികച്ച ഇന്ധനക്ഷമതയ്ക്കായി ഇ-സിവിടി ഗിയർബോക്സുമായി ഘടിപ്പിച്ച സ്‌ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റർ പെട്രോൾ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവലുമായി വരുന്ന ഫാക്ടറി-ഫിറ്റഡ് സിഎൻജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എൻഎം ടോർക്കുമാണ് നൽകുക. ഓൾ-വീൽ-ഡ്രൈവ് (AWD) സംവിധാനവും എസ്യുവിയിൽ ലഭ്യമാണ്.