ഇന്ത്യയിലെ വാഹന ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള വാങ്ങൽ അനുഭവം ഉറപ്പാക്കുന്നതിനായാണ് മാരുതി സുസുക്കി നെക്‌സ എന്ന പ്രീമിയം ഡീലർഷിപ്പ് ശൃംഖല ആരംഭിച്ചത്. ഇതിന്റെ ചെറിയ പതിപ്പ് പോലെയാണ് നെക്‌സ സ്റ്റുഡിയോ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നതും. നെക്‌സയുടെ നെറ്റ്‌വർക്ക് വിപുലമാക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സ്റ്റുഡിയോ ഔട്ട്‌ലെറ്റ് ഡബ്ബിൾ സെഞ്ചുറി അടിച്ചിരിക്കുകയാണ്. 200-ാമത് ഷോറൂം തുറന്ന സന്തോഷം മാരുതി സുസുക്കിയാണ് പങ്കുവെച്ചത്.

To advertise here,

ഹരിയാനയിലെ ഖർകോദയിലാണ് 200-ാമത് നെക്‌സ സ്റ്റുഡിയോ ഔട്ട്‌ലെറ്റ് തുറന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ 530 നഗരങ്ങളിലായി 740 ഔട്ട്‌ലെറ്റുകളായി വളർന്നിരിക്കുകയാണ് നെക്‌സയുടെ ശൃംഖല. ഇന്ത്യയിലെ ടയർ ടൂ, ടയർ ത്രീ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നെക്‌സ ഡീലർഷിപ്പുകൾക്ക് പുറമെ, നെക്‌സ സ്റ്റുഡിയോ ഔട്ട്‌ലെറ്റ് എന്ന സംവിധാനം മാരുതി സുസുക്കി വിഭാവനം ചെയ്തിരിക്കുന്നത്.

ചെറിയ നഗരങ്ങളിൽ പൂർണതോതിലുള്ള നെക്‌സ ഷോറൂം സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്റ്റുഡിയോ ഔട്ട്‌ലെറ്റുകൾ എന്ന ആശയം ഒരുങ്ങിയിട്ടുള്ളത്. വിൽപ്പന, വിൽപ്പനാനന്തര സേവനം, സ്‌പെയർ പാർട്‌സുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ടച്ച് പോയിന്റുകളായാണ് സ്റ്റുഡിയോ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്. ഈ നീക്കത്തിലൂടെ നെക്‌സ ശൃംഖല വിപുലമാക്കുന്നതിനും അതേസമയം, ചെലവുകൾ നിയന്ത്രിക്കാനും മാരുതിക്ക് സാധിക്കുന്നുണ്ട്.

നിലവിൽ 200 സ്റ്റുഡിയോ ഔട്ട്‌ലെറ്റുകളാണ് മാരുതി സുസുക്കി തുറന്നിട്ടുള്ളതെങ്കിലും വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത് 600-ൽ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ചെറുനഗരങ്ങളിൽ സ്ഥാപിക്കുന്ന ഇത്തരം ഔട്ട്‌ലെറ്റുകളിലൂടെ മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ മാരുതിക്ക് സാധിക്കുന്നുണ്ട്. മാരുതിയുടെ ഇലക്ട്രിക് വാഹനമായ ഇ-വിത്താര നെക്‌സ ഡീലർഷിപ്പുകളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നതിനാൽ തന്നെ ഈ സമയം വളരെ നിർണായകമാണെന്നാണ് മാരുതിയുടെ വിലയിരുത്തൽ.

ഇലക്ട്രിക് വാഹനങ്ങളുടെ മൊത്തവിൽപ്പനയുടെ 10 ശതമാനം വരെ ടയർ ടൂ, ടയർ ത്രീ നഗരങ്ങളിൽ നിന്നായിരിക്കുമെന്നാണ് മാരുതി സുസുക്കി കരുതുന്നത്. എന്നാൽ, നെറ്റ്‌വർക്കുകൾ പരിമിതമാണെങ്കിൽ ഉപയോക്താക്കളിലേക്ക് എത്തുന്നതിൽ തടസ്സമുണ്ടായേക്കാം. ഇത്തരം മേഖലകളിൽ പ്രീമിയം വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ ആവശ്യം നിറവേറ്റുന്നതിനാണ് ഇത്തരത്തിലുള്ള ഔട്ട്‌ലെറ്റുകൾ തുറക്കുന്നതെന്നാണ് മാരുതി സുസുക്കി മേധാവി അഭിപ്രായപ്പെടുന്നത്.