ന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയോട് ഇന്ത്യയിലെ വാഹനപ്രേമികള്‍ ചോദിച്ച് മേടിച്ച ഒരു വാഹനമാണ് ജിമ്‌നി എന്ന ലൈഫ് സ്റ്റൈല്‍ എസ്‌യുവി. ഥാര്‍ എന്ന കരുത്തനായ എതിരാളിക്ക് മുന്നില്‍ അടിപതറാതെ ജിമ്‌നിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതും ഈ വാഹനപ്രേമികളുടെ പിന്തുണയൊന്നുകൊണ്ട് മാത്രമാണ്. ഏറിയും കുറഞ്ഞുമുള്ള വില്‍പനയിലും വിപണിയില്‍ നിലയുറപ്പിച്ച ഫൈവ് ഡോര്‍ ജിമ്‌നിയുടെ വില്‍പന കഴിഞ്ഞ ദിവസമാണ് ഒരുലക്ഷം യൂണിറ്റ് പിന്നിട്ടത്. 

To advertise here,

2023 ജൂണില്‍ വിപണിയില്‍ എത്തിയ ജിമിന് 2025 ഏപ്രില്‍ വരെയുള്ള കാലയളവ് കൊണ്ടാണ് ഒരുലക്ഷം എന്ന മാജിക് നമ്പറിലെത്തിയത്. എന്നാല്‍, സിയാം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയതിന്റെ മൂന്നിരട്ടിയാണ് ഇന്ത്യന്‍ നിര്‍മിത ജിമ്‌നി രാജ്യാതിര്‍ത്തി കടന്നിട്ടുള്ളതെന്നാണ് വിവരം. അതായത് കഴിഞ്ഞ 22 മാസത്തിനുള്ളില്‍ മാരുതി സുസുക്കിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടുള്ള 1,02,024 ജിമ്‌നികളില്‍ 26,180 എണ്ണമാണ് ഇന്ത്യയില്‍ വിറ്റഴിച്ചിരിക്കുന്നത്. ശേഷിച്ച 75,844 യൂണിറ്റുകള്‍ വിദേശത്തേക്ക് പോയവയാണ്. 

2024 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിപണിയില്‍ 17,009 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 22,191 യൂണിറ്റുകളാണ് വിദേശത്തേക്ക് കടല്‍കടന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിപണിയിലെ വില്‍പ്പന 8740 യൂണിറ്റിലേക്ക് താഴ്‌ന്നെങ്കിലും കയറ്റുമതി 47,982 ആക്കി ഉയര്‍ത്താന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയില്‍ 431 യൂണിറ്റ് വിറ്റഴിച്ചപ്പോള്‍ 5671 ജിമ്‌നിയാണ് വിദേശ നിരത്തുകള്‍ക്കായി കയറ്റി അയച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍. 

ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ നിര്‍മിത ഫൈവ് ഡോര്‍ ജിമ്‌നി ആദ്യം കയറ്റുമതി ചെയ്തത്. പിന്നീട് മെക്‌സികോ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വലിയ സ്വീകാര്യത ജിമ്‌നിക്ക് ലഭിച്ചു. സുസുക്കിയുടെ സ്വന്തനാടായ ജപ്പാനിലേക്കും ജിമ്‌നി എത്തി തുടങ്ങിയതോടെയാണ് കയറ്റുമതിയില്‍ വലിയ കുതിപ്പ് ഉണ്ടായി തുടങ്ങിയത്. ഫ്രോങ്‌സിന് ശേഷം ഇന്ത്യയില്‍ നിന്ന് ജപ്പാനിലെത്തുന്ന മാരുതി സുസുക്കി മോഡലാണ് ജിമ്‌നി.

ത്രീ ഡോര്‍ ജിമ്‌നി വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ജപ്പാനിലെത്തുന്നുണ്ട്. എന്നാല്‍, ഫൈവ് ഡോര്‍ പതിപ്പ് സമീപകാലത്താണ് ജപ്പാനില്‍ എത്തുന്നത്. ജപ്പാനില്‍ ഫൈവ് ഡോര്‍ ജിമ്‌നിയുടെ ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ 50,000 പേരാണ് ഈ വാഹനം ബുക്കുചെയ്തത്. മാരുതി സുസുക്കിയുടെ കെ15ബി പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിയുടെ ഹൃദയം. 105 എച്ച്പി പവറും 134 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ കരുത്ത്. 12.76 ലക്ഷം രൂപ മുതല്‍ 14.81 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.