ഇ-വിത്താര ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലിന് കീഴിൽ 10.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. ബാറ്ററിയുടെ ഉപയോഗത്തിന് കിലോമീറ്ററിന് 3.99 രൂപ ഈടാക്കും. NEXA ഷോറൂമുകളിലോ NEXA വെബ്സൈറ്റിലോ 21,000 രൂപ ആദ്യ പേയ്‌മെന്റ് നൽകി ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാം.

To advertise here,

BaaS ഘടനയുടെ കീഴിൽ, ബാറ്ററിയുടെ വില നൽകാതെ വാഹനം ഉപഭോക്താവിന് സ്വന്തമാക്കാം. ഉപയോഗത്തിനനുസരിച്ച് ബാറ്ററിക്ക് വാടകനൽകിയാൽ മതിയെന്നതാണ് ഉപഭോക്താക്കൾക്കുള്ള നേട്ടം. എട്ട് വർഷത്തെ ബാറ്ററി വാറന്റി, 3+5 വർഷത്തെ വാഹന വാറന്റി, 50,000 വിലയുള്ള സൗജന്യ ഹോം ചാർജറും ഇൻസ്റ്റാളേഷനും ഈ പാക്കേജിൽ ഉൾപ്പെടുന്നു. ഒരു വർഷത്തെ സൗജന്യ ചാർജിങും ഉൾപ്പെടുന്നു.

ഇതിനുപുറമേ മൂന്നു വർഷത്തിനുശേഷം 60 ശതമാനം വിലയിൽ വാഹനം തിരിച്ചെടുക്കാനുള്ള ഓപ്ഷനും കമ്പനി മുന്നോട്ടുവെക്കുന്നു. സെക്കൻഡ് ഹാൻഡ് വൈദ്യുതവാഹനങ്ങൾക്ക് വില ലഭിക്കില്ലെന്ന ആശങ്ക പരിഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം, BaaS മോഡലിന് കീഴിൽ കമ്പനി പ്രാരംഭ വില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വേരിയന്റ് തിരിച്ചുള്ള പൂർണ വിലവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള ഔദ്യോഗിക പ്രവേശനമാണ് ഇ-വിത്താര. 2025 ഡിസംബറിൽ പുറത്തിറക്കിയ ആദ്യത്തെ പൂർണ ഇലക്ട്രിക് മോഡൽ എന്ന നിലയിൽ ഈ എസ്‌യുവി ശ്രദ്ധ നേടിയിരുന്നു. 2

2025 ഓഗസ്റ്റിൽ ഉത്പാദനം ആരംഭിച്ചതിന് ശേഷം, വർഷാവസാനത്തോടെ ഇ-വിത്താരയുടെ ഏകദേശം 13,000 യൂണിറ്റുകൾ 28 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ടൊയോട്ടയുമായുള്ള സഹകരണത്തോടെ സുസുക്കി മോട്ടോർ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഈ മോഡൽ, ആഭ്യന്തര വിപണിക്കും വിദേശ വിപണിക്കും വേണ്ടി ഇന്ത്യയിലാണ് നിർമിക്കുന്നത്.

ഇ-വിത്താര

49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ-വിത്താര എത്തുന്നത്. ഫോർ വീൽ ഡ്രൈവ്, ടൂ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ ഇതിൽ കരുത്തേകും. 49 കിലോവാട്ട് ടൂ വീൽ ഡ്രൈവ് മോഡൽ 344 കിലോമീറ്റർ റേഞ്ചും, 61 കിലോവാട്ട് ടൂ വീൽ ഡ്രൈവ് മോഡൽ 428 കിലോമീറ്റർ റേഞ്ചും 61 കിലോവാട്ട് ഓൾ വീൽ ഡ്രൈവ് മോഡൽ 394 കിലോമീറ്റർ റേഞ്ചും നൽകും.

49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ-വിത്താരയിൽ 144 ബിഎച്ച്പി പവറും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബിഎച്ച്പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും.

ഇ-വിത്താരയുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയർ ആക്സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.