ന്ത്യയിലെ വാഹന വിപണിയില്‍ കോംപാക്ട് എസ്‌യുവി എന്ന സെഗ്മെന്റിന്റെ വളര്‍ച്ച ശരവേഗത്തിലായിരുന്നു. സെഡാനില്‍ നിന്ന് എസ്‌യുവിയിലേക്കുള്ള ഉപയോക്താക്കളുടെ ചുവടുമാറ്റവും രാജ്യത്തെ വാഹന നിര്‍മാതാക്കളെല്ലാം ഈ ശ്രേണിയില്‍ മത്സരിച്ച് വാഹനമെത്തിച്ചതുമെല്ലാം ഈ വളര്‍ച്ചയ്ക്ക് ഇന്ധനമേകി. കോംപാക്ട് എസ്‌യുവി ശ്രേണിയിലെ മത്സരത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെയാണ് മാരുതി സുസുക്കി ബ്രെസയുടെ സ്ഥാനം. മത്സരം കൂടുതല്‍ കരുത്താര്‍ജിക്കുന്നത് കണക്കിലെടുത്ത് ഒരു മുഖംമിനുക്കലിന് ഒരുങ്ങുകയാണ് ഈ വാഹനം.

To advertise here,

2016-ലാണ് മാരുതി സുസുക്കിയുടെ ബ്രെസ എന്ന വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022-ല്‍ ഈ വാഹനത്തിന്റെ രണ്ടാം തലമുറയും നിര്‍മാതാക്കള്‍ എത്തിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ തലമുറ മാറ്റമല്ല പകരം മുഖം മിനുക്കലിനായിരിക്കും ബ്രെസ വിധേയമാകുന്നതെന്നാണ് വിലയിരുത്തല്‍. 2026-ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ബ്രെസയുടെ പുതിയ മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മൂടിക്കെട്ടിയ നിലയിലായിരുന്നു പരീക്ഷണയോട്ടമെങ്കിലും ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയ ചില ഭാഗങ്ങളും സൈഡ് പ്രൊഫൈലും ചിത്രങ്ങളില്‍ വ്യക്തമാണ്. സ്‌ക്വയര്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും എല്‍ഇഡി ഡിആര്‍എല്ലുമാണ് പുതിയ ബ്രെസയിലുള്ളത്. നിലവിലെ മോഡലിലേതിന് സമാനമാണ് ബമ്പര്‍, ഫോഗ്‌ലാമ്പും പ്രൊജക്ഷന്‍ ലൈറ്റാണ് നല്‍കിയിട്ടുള്ളത്. ഗ്രില്ല്, ബോണറ്റ് എന്നിവ പൂര്‍ണമായും മൂടികെട്ടിയ നിലയിലായിരുന്നു യാത്ര.

വശങ്ങളുടെ ഡിസൈനില്‍ ഏറിയ പങ്കും നിലവിലെ ബ്രെസയ്ക്ക് സമാനമാണ്. ഇന്റീരിയറിലെ ഫീച്ചറുകളും ഡിസൈനും സംബന്ധിച്ച സൂചനകള്‍ ചിത്രം നല്‍കുന്നില്ല. ഫീച്ചറുകളില്‍ വരുത്തുന്ന ധാരാളിത്തമാണ് മാരുതിയുടെ പുതുതലമുറ വാഹനങ്ങളുടെ സവിശേഷത. അതുകൊണ്ടുതന്നെ ബ്രെസയിലും മികച്ച ഫീച്ചറുകള്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സ്‌ക്രീനിന് പകരം 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയേക്കും. പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഈ വാഹനത്തില്‍ പ്രതീക്ഷിക്കാം.

മെക്കാനിക്കലായുള്ള മാറ്റം ബ്രെസയില്‍ വരുത്താന്‍ ഇടയില്ല. ബ്രെസ ഉള്‍പ്പെടെ മാരുതിയുടെ നിരവധി മോഡലുകള്‍ക്ക് കരുത്തേകുന്ന കെ15സി സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നത്. 103.1 പിഎസ് പവറും 139 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷനുകള്‍. 87.8 പിഎസ് പവറും 121.5 എന്‍എം ടോര്‍ക്കും നല്‍കുന്ന സിഎന്‍ജി മോഡലും മുഖം മിനുക്കിയുള്ള വരവില്‍ എത്തും.