മാരുതിയില്‍ നിന്ന് നിരത്തിലെത്തുന്ന ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പെട്രോള്‍ മോഡല്‍ ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വരവിന് മുന്നോടിയായി ഈ മോഡലിന്റെ അഡ്വാന്‍സ് ബുക്കിങ്ങ് മാരുതി തുറന്നു. ഡീസല്‍ എന്‍ജിനില്‍ മാത്രമെത്തിയിരുന്ന എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പ് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് പ്രദര്‍ശിപ്പിച്ചത്. 

To advertise here,

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളിലാണ് പെട്രോള്‍ എന്‍ജിന്‍ എസ്-ക്രോസ് എത്തുന്നത്. ഇതിലെ സിഗ്മ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുമെന്നാണ് സൂചന. ബിഎസ്-4 എന്‍ജിനിലെ എല്ലാ വേരിയന്റിലും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ ഇത്തവണ ഓട്ടോമാറ്റിക്കില്‍ മാത്രമായിരിക്കും ഹൈബ്രിഡ് നല്‍കുക. 

മാരുതിയുടെ സിയാസ്, എര്‍ട്ടിഗ, എക്‌സ്എല്‍6, ബ്രെസ എന്നീ മോഡലുകള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് എസ്‌ക്രോസിലും നല്‍കുന്നത്. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് പതിപ്പില്‍ കൂടുതല്‍ ഇന്ധന ക്ഷമത ഉറപ്പാക്കാന്‍ സുസുക്കി ഡ്യുവല്‍ ബാറ്ററി സിസ്റ്റം മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമാണ് നല്‍കുന്നത്. 

ബിഎസ്6 എന്‍ജിനിലേക്ക് മാറുന്നതിന് പുറമെ, കൂടുതല്‍ ഫീച്ചറുകളും ഈ വാഹനത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട്. ഇന്റീരിയറില്‍ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയപ്പോള്‍, എക്സ്റ്റീരിയറില്‍ പുതിയ റിയര്‍ വ്യൂ മിറര്‍, പുതിയ ഇന്റിക്കേറ്റര്‍ ലൈറ്റ്, സ്‌പോര്‍ട്ടി അലോയി വീല്‍ എന്നിവയും നല്‍കിയിട്ടുണ്ട്. 

2017ലാണ് എസ്‌ക്രോസിന്റെ മുഖം മിനിക്കിയ പതിപ്പ് അവതരിപ്പിച്ചത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഇന്റിക്കേറ്ററുകളുള്ള റിയര്‍വ്യൂ മിറര്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, എന്നിവ എക്സ്റ്റീരിയറിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷന്‍ എന്നിവ ഈ വരവിലാണ് എസ്‌ക്രോസില്‍ സ്ഥാനം പിടിച്ചത്.

Content Highlights: Maruti S-Cross Petrol To Be Launch On August 5