ലയാളികളുടെ പ്രിയതാരമായ മമ്മൂട്ടിയുടെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഫോട്ടോകളില്‍ ഒന്ന് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ആ ചിത്രമായിരിക്കും. കടല്‍ തീരത്ത് ഒരു വാഹനത്തില്‍ ചാരി വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രമായിരുന്നു അത്. സിനിമ പ്രേമികളും മമ്മൂട്ടി ആരാധാകരും അദ്ദേഹത്തെ ശ്രദ്ധിച്ചപ്പോള്‍ വാഹനപ്രേമകളുടെ കണ്ണ് പതിഞ്ഞത് അദ്ദേഹം ചാരി നില്‍ക്കുന്ന 369 നമ്പറിലുള്ള ആ ലാന്‍ഡ് ക്രൂയിസറിലായിരുന്നു. 

To advertise here,

KL 07 DH സീരീസില്‍ തന്റെ ഇഷ്ടനമ്പറായ 369-ലാണ് അദ്ദേഹത്തിന്റെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ എത്തിയിരിക്കുന്നത്. 369 നമ്പറിലുള്ള വാഹനങ്ങള്‍ നിറഞ്ഞ ഗ്യാരേജിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് ടൊയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ ലാന്‍ഡ് ക്രൂയിസറിന്റെ ജിആര്‍-എസ് ആണ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 2.41 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. രണ്ട് വേരിയന്റുകളിലാണ് എല്‍സി 300 ഇന്ത്യയില്‍ എത്തുന്നത്. 

ഓഫ് റോഡ് സംവിധാനങ്ങള്‍ നല്‍കി ഒരുങ്ങിയിട്ടുള്ള ലാന്‍ഡ് ക്രൂയിസര്‍ പതിപ്പാണ് ജിആര്‍-എസ്. 3.3 ലിറ്റര്‍ വീ6 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 309 പിഎസ് പവറും 700 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 11 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഈ വാഹനത്തില്‍ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാനാകും. 

അത്യാഢംബരവും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ വാഹനമായാണ് ലാന്‍ഡ് ക്രൂയിസര്‍ എല്‍.സി.300 എത്തിയിരിക്കുന്നത്. ക്രോമിയം ഫിനീഷിങ്ങിലുള്ള ഗ്രില്ല്, ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, അഗ്രസീവ് ബമ്പര്‍, എല്‍ഇഡി. ടെയ്ല്‍ലാമ്പ്, ജിആര്‍ സ്‌പോര്‍ട്ട് ബാഡ്ജിങ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, 18 ഇഞ്ച് മെഷിന്‍ കട്ട് അലോയി വീല്‍, ക്രോമിയത്തില്‍ പൊതിഞ്ഞ വിന്‍ഡോ ഫ്രെയിം, റിയര്‍വ്യൂ മിറര്‍ എന്നിവയാണ് ഈ വാഹനത്തിന് സൗന്ദര്യമേകുന്നത്. 

പ്രീമിയം ഫീച്ചറുകളാണ് അകത്തളത്തിന് മാറ്റേകുന്നത്. ലെതറില്‍ പൊതിഞ്ഞാണ് സീറ്റുകളും മറ്റും തീര്‍ത്തിയിരിക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്നിലേയും പിന്നിലേയും നിരകളിലെ വെന്റിലേറ്റഡ് സംവിധാനമുള്ള സീറ്റുകള്‍, കൂള്‍ഡ് ആംറെസ്റ്റ് സ്റ്റോറേജ്, സണ്‍റൂഫ്, പവേഡ് ഡ്രൈവര്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 360 ഡിഗ്രി ക്യാമറ, 10 എയര്‍ബാഗ് എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിലെ ഫീച്ചറുകള്‍.