സെലിബ്രിറ്റികള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും നല്ല ഗിഫ്റ്റ് മെറ്റീരിയല്‍ വാഹനങ്ങളാണ്. രക്ഷിതാക്കള്‍ക്കും സുഹൃത്തുകള്‍ക്കും സഹോദരങ്ങള്‍ക്കുമെല്ലാം പലരും വാഹനങ്ങള്‍ സമ്മാനിക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തില്‍ തന്റെ പിതാവിനായി വാഹനം സമ്മാനിച്ച ഒരു മലയാളി നടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടുന്നത്. നടിയും സംരംഭകയുമായി നീന മധുവാണ് തന്റെ പിതാവിന് വാഹനം സമ്മാനമായി നല്‍കിയിരിക്കുന്നത്.
മഹീന്ദ്രയുടെ വാഹനനിരയിലെ ഹിറ്റ് മോഡലും ലൈഫ് സ്റ്റൈല്‍ എസ്യുവിയുമായ ഥാര്‍ റോക്സാണ് നീന തന്റെ പിതാവിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. ഒന്നും തിരികെ പ്രതീക്ഷിക്കാതെ ഞങ്ങള്‍ക്കായി എല്ലാ നല്കിയ, ഞങ്ങളുടെ പുഞ്ചിരിക്ക് പിന്നിലെ നിശബ്ദമായ കരുത്തിന്, നന്ദിയുടെയും സ്നേഹത്തിന്റെ എളിയ സമ്മാനം എന്ന കുറിപ്പോടെയാണ് തന്റെ പിതാവിന് വാഹനം സമ്മാനമായി നല്കിയ സന്തോഷം നീന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
മഹീന്ദ്ര ഥാര്‍ റോക്സിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ എ.എക്സ്7 ഡീസല്‍ ഓട്ടോമാറ്റിക് മോഡലാണ് നടി പിതാവിന് സമ്മാനിച്ചിരിക്കുന്നത്. ബ്ലാക്ക് എക്സ്റ്റീരിയര്‍ നിറത്തിനൊപ്പം മോച്ച ബ്രൗണ്‍ ഇന്റീരിയറിലുമുള്ള ഈ വാഹനത്തിന് 30 ലക്ഷം രൂപയാണ് ഓണ്‍റോഡ് വില. അടിസ്ഥാന മോഡലുകള്‍ മുതല്‍ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുമായി എത്തിയ ഈ വാഹനം നിരത്തുകളില്‍ എത്തി ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് ഡ്രൈവിങ് മോഡലുകളില്‍ ലഭിക്കുന്ന വാഹനമാണ് ഥാര്‍ റോക്സ്. ഈ വാഹനത്തിന്റെ 4x2 മോഡലുകള്‍ക്ക് 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം, ഈ വാഹനത്തിന്റെ 4x4 മോഡലുകളുടെ മാനുവല്‍ പതിപ്പുകള്‍ക്ക് 18.79 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 20.99 ലക്ഷം രൂപ മുതല്‍ 23.39 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
ഥാര്‍ ലൈനപ്പില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ഉണ്ടെങ്കിലും ഡീസല്‍ എന്‍ജിന്റെ കരുത്തില്‍ മാത്രമാണ് 4ഃ4 പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡി22 എന്നാണ് ഥാറിലെ ഡീസല്‍ എന്‍ജിനെ വിശേഷിപ്പിക്കുന്നത്. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്ജിന് 175 പി.എസ്. പവറും 370 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കിയിരിക്കുന്നത്. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്ജിന് 177 പി.എസ്. പവറും 375 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Malayalam actress and entrepreneur Neena Madhu gifted a Mahindra Thar SUV to her father
Published: 15 Aug 2025, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented