വാഹനങ്ങളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം അഥവ പ്ലാസ്റ്റിക് ലെയര്‍ പതിപ്പിക്കുന്നതിന് നിയമപരമായി അനുമതിയുണ്ടെന്ന് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം 2020-ലെ ഏഴാം ഭേദഗതി പ്രകാരമാണ് സണ്‍ കണ്‍ട്രോള്‍ ഫിലിം വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ ഭേദഗതി സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ഗതാഗതമന്ത്രി നിവേദനം നല്‍കി. 

To advertise here,

കാര്‍ ആക്‌സസറീസ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷന്‍, ജോര്‍ജ് ആന്‍ഡ് സണ്‍സ് എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. നിയമ ഭേദഗതി അനുസരിച്ച് അനുവദനീയ അളവില്‍ കൂളിങ്ങ് ഫിലിമുകള്‍ പതിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്താന്‍ സാധിക്കില്ല. ഭേദഗതി അനുസരിച്ച് മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ളതും വശങ്ങളില്‍ 50 ശതമാനം ദൃശ്യതയുള്ളതുമായ സണ്‍ ഫിലുമുകള്‍ അനുവദിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐക്യരാഷ്ട്ര സഭയുടെ ഗ്ലോബല്‍ ടെക്‌നിക്കല്‍ റെഗുലേഷന്‍ 2008 മാര്‍ച്ചില്‍ അംഗീകരിച്ച പ്രമേയം അനുസരിച്ച മോട്ടോര്‍ വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകളില്‍ ഗ്ലേസിങ്ങ് മെറ്റീരിയലായി പ്ലാസ്റ്റിക് പാളികളെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഈ പ്രമേയത്തില്‍ ഇന്ത്യയും പങ്കാളികളായതിനാലാണ് കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലും തത്തുല്യമായ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. 

നിലവിലെ അസഹനീയമായ ചൂടുകാലാവസ്ഥയെ ചെറുക്കാന്‍ വാഹനങ്ങളില്‍ എ.സിയുടെ ഉപയോഗം വലിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ധനവില ഇത്രയും ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത് അധിക ബാധ്യതയാണ് വരുത്തുവയ്ക്കുന്നത്. ഇതിനുപുറമെ, അമിത ഇന്ധന ഉപയോഗം കാര്‍ബണ്‍ എമിഷന്‍ വര്‍ധിപ്പിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്. 

എല്ലാ വാഹനങ്ങളുടെയും വിന്‍ഡ് സ്‌ക്രീന്‍, റിയര്‍ ഗ്ലാസ്, എന്നിവയ്ക്ക് കൂളിങ്ങ് പതിക്കുമ്പോള്‍ 70 ശതമാനത്തില്‍ കുറയാത്ത കാഴ്ച ഉറപ്പാക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. വശങ്ങളിലെ ഗ്ലാസില്‍ 50 ശതമാനം കാഴ്ച നല്‍കുന്ന കൂളിങ്ങോ, ഉള്ളില്‍ പ്ലാസ്റ്റിക് ലെയറുള്ള ടഫന്റഡ് ഗ്ലാസോ, ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണ്. അവിഷേക് ഗോയങ്ക വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനം സി.എം.വി. നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയുടെ ഫലമായി നിലനില്‍ക്കില്ല.