ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മാണത്തിനൊരുങ്ങുന്നെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കിയ ആദ്യമെത്തിച്ച സെല്‍റ്റോസ് ആയിരിക്കും ഇലക്ട്രിക് കരുത്തിലെ ആദ്യ വാഹനമെന്നും സൂചന നല്‍കിയിരുന്നു. എറ്റവുമൊടുവില്‍ ഇത് അടിവരയിട്ടുറപ്പിച്ച് നിര്‍മാണം പ്രഖ്യാപിച്ചിരിക്കുകയാണ് കിയ മോട്ടോഴ്‌സ്.

To advertise here,

2020-ഓഗസ്റ്റ് മാസം സെല്‍റ്റോസ് ഇവിയുടെ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വര്‍ഷം ഇലക്ട്രിക് സെല്‍റ്റോസിന്റെ 1000 യൂണിറ്റ് മാത്രം നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രധാനമായും ഏഷ്യയിലെ വാഹനവിപണികളെ ലക്ഷ്യമാക്കിയാണ് കിയയുടെ ഇലക്ട്രിക് വാഹനങ്ങളെത്തുന്നതെങ്കിലും ആദ്യമിറക്കുന്ന വാഹനങ്ങള്‍ സ്വന്തം നാട്ടിലെ നിരത്തുകളിലാണെത്തുക. 

കിയയുടെ ഇലക്ട്രിക് മോഡലായ സോളുമായി കരുത്തുപങ്കിടുന്ന വാഹനമായിരിക്കും സെല്‍റ്റോസ് ഇവി. 64 കിലോവാട്ട് ബാറ്ററിയും 204 ബിഎച്ച്പി പവറുമേകുന്ന മോട്ടോറാണ് സോളിലുള്ളത്. ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കളുടെ വാദം. അതേസമയം, സോളിനെക്കാള്‍ വലിപ്പമുള്ള വാഹനമായിരിക്കും സെല്‍റ്റോസ് ഇവി.

2025-നുള്ളില്‍ 11 ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കാനുള്ള പദ്ധതികളാണ് കിയ മോട്ടോഴ്‌സ് തയാറാക്കുന്നത്. പ്ലാന്‍-എസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അനുസരിച്ചുള്ള ആദ്യ ഇലക്ട്രിക് വാഹനം 2021-ല്‍ നിരത്തുകളിലെത്തും. ആദ്യഘട്ടത്തില്‍ ഏഷ്യയാണ് ലക്ഷ്യമെങ്കിലും 2026-ഓടെ ലോകത്തുടനീളം അഞ്ചുലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കാനാണ് കിയ ശ്രമിക്കുന്നത്.

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് 2019-ലാണ് ഇന്ത്യയിലെത്തുന്നത്. ഇപ്പോള്‍ ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്ന സെല്‍റ്റോസാണ് കിയയ്ക്ക് ഇന്ത്യയിലേക്ക് വഴിയൊരുക്കിയത്. എല്ലാ ആറ് മാസത്തിലും പുതിയ മോഡല്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കിയയുടെ രണ്ടാമത്തെ വാഹനമായ കാര്‍ണിവല്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും.

Content Highlights: Kia Seltos EV Starts Production In 2020 August