ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികള്‍ക്കിടിയിലേക്ക് ന്യൂജെന്‍ ലുക്കില്‍ എത്തുന്ന വാഹനമാണ് കിയ മോട്ടോഴ്‌സിന്റെ സിറോസ്. ഡിസംബര്‍ മാസം അവസാനം ആദ്യപ്രദര്‍ശനത്തിനെത്തിയ ഈ കോംപാക്ട് എസ്.യു.വിയുടെ നിര്‍മാണം ആരംഭിച്ചതായി കമ്പനി അറിയിച്ചു. കിയ മോട്ടോഴ്‌സിന്റെ അനന്ത്പൂരിലെ പ്ലാന്റില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കി. ഫെബ്രുവരി മുതല്‍ വാഹനം വിപണിയില്‍ എത്തിത്തുടങ്ങുമെന്നാണ് വിവരം.
സിറോസിന്റെ ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ ജനുവരി മൂന്നിനാണ് വാഹനത്തിന്റെ ബുക്കിങ്ങ് കിയ മോട്ടോഴ്‌സ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതുവരെ 10,258 പേര്‍ സിറോസ് ബുക്കുചെയ്‌തെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന വിവരം. ഫെബ്രുവരി ഒന്നിന് ഈ എസ്.യു.വിയുടെ വില പ്രഖ്യാപിക്കുമെന്നും കിയ അറിയിച്ചിരുന്നു. പുതുമയുള്ള രൂപത്തില്‍ സെല്‍റ്റോസില്‍ നിന്നും സോണറ്റില്‍ നിന്നും കടംകൊണ്ട ഫീച്ചറുകളുമായാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്.
സോണറ്റ് ഉള്‍പ്പെടെയുള്ള കിയ മോഡലുകളിലും വെന്യൂ പോലുള്ള ഹ്യുണ്ടായി വാഹനങ്ങളിലും നല്‍കിയിരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 250 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകള്‍ ഡീസല്‍ എന്‍ജിനൊപ്പം നല്‍കും.
120 ബി.എച്ച്.പി. പവറും 173 എന്‍.എം ടോര്‍ക്കുമാണ് സിറോസിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 995 എം.എം. നീളം, 1800 എം.എം. വീതി, 1665 എം.എം. ഉയരം, 2550 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് സൈറസിന്റെ അഴകളവുകള്‍.
കിയയുടെ വാഹനശ്രേണിയിലെ രണ്ടാമത് കോംപാക്ട് എസ്.യു.വിയാണ് സിറോസ്. ടോള്‍ ബോയി ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ബോഡി ഒരുക്കിയിരിക്കുന്നത്. നിരനിരയായി നല്‍കിയിരിക്കുന്ന എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ലൈന്‍ മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍, ബോക്‌സി ഭാവമുള്ള ബമ്പര്‍, ഫ്‌ളാറ്റായി തീര്‍ത്തിരിക്കുന്ന ബോണറ്റ് എന്നിവയാണ് മുഖഭാവത്തെ അലങ്കാരം. കിയയുടെ സിഗ്നേച്ചറായി ടൈഗര്‍ നോസ് ഗ്രില്ല് ഒഴിവാക്കിയതും ഈ വാഹനത്തിന്റെ സവിശേഷതയാണ്.
ഇന്റീരിയര്‍ കംഫോര്‍ട്ടിന് കൂടുതല്‍ പ്രധാന്യം നല്‍കിയൊരുങ്ങിയിരിക്കുന്ന വാഹനമാണ് സിറോസ്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയില്‍ സോണറ്റിന്റെ പിന്‍ഗാമിയാണെങ്കിലും 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, അഡാസ് സ്യൂട്ട്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുങ്ങും. കൂടുതല്‍ മികച്ച റിയര്‍ സീറ്റ് എക്സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനായി റിക്ലൈന്‍ സംവിധാനമുള്ള സീറ്റുകള്‍ പിന്‍നിരയില്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Kia motors starts the production of Syros compact SUV at Anantapur plant
Published: 16 Jan 2025, 06:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented