സൗത്ത് ഇന്ത്യയില്‍ ഉടനീളം സൂപ്പര്‍ഹിറ്റായി ഓടുന്ന കന്നഡ ചിത്രമാണ് കാന്താര. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. തന്റെ സിനിമ തീയേറ്ററുകളില്‍ എത്തിയതിനൊപ്പം പുതിയ ആഡംബര വാഹനത്തെ ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ് ഈ സിനിമയുടെ സംവിധായകനും കഥാകൃത്തും നടനുമായ ഋഷഭ് ഷെട്ടി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ക്യൂ7 എസ്.യു.വിയാണ് ഋഷഭ് തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന പുതിയ വാഹനം.

To advertise here,

ഈ വര്‍ഷം ആദ്യം മുഖംമിനുക്കി എത്തിയ ക്യൂ7-ന്റെ പുതിയ പതിപ്പാണ് കാന്താര സംവിധായകന്റെയും ഗ്യാരേജില്‍ എത്തിയിരിക്കുന്നത്.  പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ആഡംബര എസ്.യു.വിക്ക് യഥാക്രമം 82.49 ലക്ഷം രൂപയും 89.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് ഋഷഭ് സ്വന്തമാക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ബി.എസ്.6 നിലവാരത്തിലേക്ക് മാറിയ മൂന്നു ലിറ്റര്‍ വി6 ടി.എഫ്.എസ്.ഐ. എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. ഇത് 340 എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഏഴ് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്.

എന്‍ജില്‍ വരുത്തിയ മാറ്റത്തിന് സമാനമായി ലുക്കിലും മുന്‍ മോഡലിനെക്കാള്‍ ഏറെ സ്‌റ്റൈലിഷായാണ് Q7-ന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ക്രോമിയം സ്ലാറ്റുകളും ബോര്‍ഡറും നല്‍കിയിട്ടുള്ള വലിയ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവം നല്‍കുന്ന ബമ്പറും സ്‌കിഡ് പ്ലേറ്റും വലിപ്പമേറിയ എയര്‍ ഇന്‍ ടേക്കുകള്‍, അലോയി വീലുകള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സൗന്ദര്യം പകരുന്നത്. 

ചിട്ടയായ രൂപകല്‍പ്പനയാണ് അകത്തളത്തിന് അഴകേകുന്നത്. രണ്ട് സ്‌ക്രീനുകളാണ് സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഗ്ലോസി ബ്ലാക്ക് പാനല്‍ നല്‍കിയാണ് മറ്റ് അലങ്കാര പണികള്‍. അഡ്വാന്‍സ് കണക്ടിവിറ്റി സംവിധാനം, വൈ-ഫൈ ഹോട്ട് സ്‌പോട്ട്, ഔഡി കണക്ട് പോര്‍ട്ട്‌ഫോളിയോ, എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. ലെതര്‍ ആവരണമുള്ള സീറ്റുകളാണ് ഇതിലുള്ളത്. പുതിയ ഡിസൈനിലാണ് സ്റ്റിയറിങ്ങ് വീലും ഒരുക്കിയിട്ടുള്ളത്.