ന്ത്യയിലെ മുൻനിര വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു 2023-ലാണ് വാഹന മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. ചൈനീസ് വാഹന നിർമാതാക്കളുടെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സിന്റെ കൈപിടിച്ചായിരുന്നു ഈ വരവ്. ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് കൂട്ടുകെട്ടിൽ ഏതാനും മികച്ച വാഹനങ്ങളും വിപണിയിൽ എത്തി. എംജിക്കൊപ്പമല്ലാതെ സ്വതന്ത്രമായി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ലിമിറ്റഡ് എന്ന ബ്രാന്റിന് കീഴിൽ ആദ്യം വാഹനം വരവിനൊരുങ്ങുകയാണ്.

To advertise here,

ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ലിമിറ്റഡ് എന്നാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ വാഹന വിഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ചൈനീസ് വാഹന നിർമാതാക്കളായ ചെറി മോട്ടോഴ്‌സിന്റെ മറ്റൊരു ബ്രാന്റായ ജെറ്റോർ ടി2 എന്ന എസ്‌യുവിയാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ആദ്യ വാഹനമായി ഇന്ത്യയിൽ എത്തുന്നത്. ഈ വാഹനം ഇന്ത്യയിൽ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതിയും ചെറി മോട്ടോഴ്‌സ് ജെഎസ്ഡബ്ല്യുവിന് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജെഎസ്ഡബ്ല്യു എംജി സംയുക്ത സംരംഭത്തിന് പുറമേയാണ് പുതിയ കൈകോർക്കൽ

ജെറ്റോർ ടി2 എന്ന വാഹനമായിരിക്കും എത്തുന്നതെങ്കിലും ഇന്ത്യയിൽ എത്തുന്ന ഈ വാഹനത്തിൽ ജെറ്റോറിന്റെതായ യാതൊരു ഐഡന്റിറ്റിയുമുണ്ടാകില്ല. ജെഎസ്ഡബ്ല്യു ബാഡ്ജിങ്ങും മറ്റൊരു പേരുമായിരിക്കും ഈ വാഹനത്തിൽ നൽകുകയെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം മൂന്നാം പാദത്തിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം, മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ജെഎസ്ഡബ്ല്യുവിന്റെ പുതിയ ഗ്രീൻ ഫീൽഡ് പ്ലാന്റിലായിരിക്കും നിർമിക്കുകയെന്നാണ് വിവരം.

ജെറ്റോർ ടി2 ഐസ് മോഡലുകളും നിരത്തുകളിൽ എത്തുന്നുണ്ടെങ്കിലും ഈ വാഹനത്തിന്റെ പ്ലെഗ് ഇൻ ഹൈബ്രിഡ് പതിപ്പായ ടി2 ഐ-ഡിഎം ആയിരിക്കും ജെഎസ്ഡബ്ല്യുവിന്റെ മേൽവിലാസത്തിൽ എത്തുക. ഓൾ വീൽ ഡ്രൈവ്, ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനങ്ങളിലുള്ള പ്ലെഗ് ഇൻ ഹൈബ്രിഡ് മോഡലുകൾ എത്തുന്നുണ്ടെങ്കിലും ഏതായിരിക്കും ഇന്ത്യയിൽ എത്തുകയെന്ന് വ്യക്തമല്ല. ഇന്ത്യയിൽ ഈ വാഹനത്തിന്റെ വില സംബന്ധിച്ച സൂചനകളും ലഭ്യമല്ല. എന്നാൽ, യുഎഇയിൽ ഏകദേശം 35 ലക്ഷം രൂപയോളമാണ് വില.

കാഴ്ചയിൽ ലാൻഡ് റോവർ ഡിഫൻഡറിനോട് പോലും ഉപമിക്കാൻ കഴിയുന്ന ബോക്‌സി രൂപത്തിൽ ഒരുങ്ങിയിട്ടുള്ള ഫുൾ സൈസ് എസ്‌യുവിയാണ് ജെറ്റോർ ടി2 എന്നത്. ലാഡർ ഫ്രെയിം സംവിധാനത്തിന് പകരം മോണോകോക്ക് ആയി ഒരുങ്ങുന്നതും ഡിഫൻഡറുമായുള്ള ഈ വാഹനത്തിന്റെ മറ്റൊരു സമാനതയാണ്. 4.7 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമാണ് ടി2 എസ്‌യുവിയുടെ ഫൈവ് സീറ്റർ പതിപ്പിന്റെ വലിപ്പം. അതേസമയം, ടി2 സെവൻ സീറ്റർ പതിപ്പിന് ഈ വാഹനത്തെക്കാൾ വലിപ്പമുണ്ട്. ജെഎസ്ഡബ്ല്യു എത്തിക്കുന്ന ഈ വാഹനത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.

ചൈനീസ് വാഹന നിർമാതാക്കളായ ചെറി മോട്ടോഴ്‌സ് 2018-ലാണ് ജെറ്റോർ എന്ന ബ്രാന്റ് പ്രഖ്യാപിക്കുന്നത്. എസ്‌യുവികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഈ വാഹനം നിർമാതാക്കൾ ചൈന, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിടങ്ങളിലെ പല രാജ്യങ്ങളിലും നിറസാന്നിധ്യമാണ്. എസ്‌യുവികൾക്ക് പുറമെ, ചെറിയുടെ റീ ബാഡ്ജ് ചെയ്ത ഏതാനും ഹാച്ച്ബാക്ക് മോഡലുകളും ഏതാനും ചില രാജ്യങ്ങളിൽ ജെറ്റോർ എത്തിക്കുന്നുണ്ട്.

Source