അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പിന്റെ കരുത്തന്‍ എസ്.യു.വി റാങ്ക്ളറിന് 'വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ' എന്ന പേരിൽ പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ജീപ്പിന്റെ സൈനിക പാരമ്പര്യത്തിന് ആദരവർപ്പിച്ചുകൊണ്ടുള്ളതാണ് പ്രത്യേക പതിപ്പ്. രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച 1941ലെ ഒറിജിനൽ മിലിട്ടറി വില്ലീസിന്റെ പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം നിർമിച്ചിരിക്കുന്നത്.
'ബോൺ എഗെയിൻ' എന്ന ടാഗ് ലൈനോടൊയാണ് വില്ലീസ് 41 സ്പെഷ്യൽ എഡിഷന്റെ വരവ്. പ്രത്യേക കളർ ഓപ്ഷനും പുതിയ ചില ആക്‌സസറികളും വാഹനത്തിലുണ്ട്. സ്പെഷ്യൽ എഡിഷൻ്റെ 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ലഭ്യമാവുക.
റാങ്ക്ളർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ
റാങ്ക്ളറിന്റെ ടോപ്പ്-സ്പെക്ക് റൂബിക്കോൺ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് സ്പെഷ്യൽ എഡിഷൻ എത്തുന്നത്. 41 ഗ്രീൻ എന്ന പ്രത്യേക പെയിന്റ് ഷേഡാണ് ഉള്ളത്.
ഇത് യഥാർത്ഥ വില്ലീസ് ജീപ്പിൻ്റെ മിലിട്ടറി ഗ്രീൻ നിറത്തെ ഓർമിപ്പിക്കുന്നു. സൈനിക-സ്പെക്ക് ജീപ്പായ വില്ലീസ് എംബി വൻതോതിൽ ഉത്പാദനം ആരംഭിച്ച വർഷത്തെ അടയാളപ്പെടുത്തുന്ന ‘1941’ ബോണറ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
പവേർഡ് സൈഡ് സ്റ്റെപ്പ്, മുന്നിലെയും പിന്നിലെയും യാത്രക്കാർക്കുള്ള ഗ്രാബ് ഹാൻഡിലുകൾ, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഫ്ലോർ മാറ്റുകൾ, മുന്നിലും പിന്നിലുമുള്ള ഡാഷ്‌ക്യാമുകൾ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
സൺറൈഡർ റൂഫ്‌ടോപ്പും റൂഫ് കാരിയറോടുകൂടിയ സൈഡ് ലാഡറും ഉൾപ്പെടുന്ന അഡ്വഞ്ചർ പാക്ക് സ്പെഷ്യൽ എഡിഷനോടൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സൗകര്യങ്ങളോടൊപ്പം ഓഫ് റോഡ് ലുക്കും ഇതിലൂടെ വർധിപ്പിക്കാം. അധികമായി 4.56 ലക്ഷം രൂപ നൽകിയാൽ അഡ്വഞ്ചർ പാക്ക് സ്വന്തമാക്കാം.
റാങ്ക്ളർ വില്ലീസ് 41 സ്പെഷ്യൽ എഡിഷനിൽ മെക്കാനിക്കലായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 270 എച്ച്പി കരുത്തും 400എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. ഫുൾ ടൈം 4x4 സിസ്റ്റവും ഉണ്ട്.
റാങ്ക്ളറിലെ സാധാരണ നിറങ്ങളായ വെള്ള, കറുപ്പ്, ചുവപ്പ്, ഗ്രേ എന്നിവയിലും ഈ സ്പെഷ്യൽ എഡിഷൻ ലഭ്യമാണ്. ഇന്ത്യയിൽ 73.16 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വാഹനത്തിന്റെ വില. സ്റ്റാൻഡേർഡ് റൂബിക്കോൺ വേരിയന്റിനേക്കാൾ 1.51 ലക്ഷം രൂപ അധികമാണിത്. ജീപ്പ് ഡീലർഷിപ്പുകളിൽ വളരെ പരിമിതമായ സമയത്തേക്ക് മാത്രമാകും റാങ്ക്ളർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ ലഭ്യമാവുക.
Content Highlights: Jeep Wrangler Willys 41 Edition launched
Published: 05 May 2025, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented