ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായി വളര്‍ന്ന ഹ്യുണ്ടായി മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളിലും അതേ ലക്ഷ്യത്തിന് പിന്നാലെയാണ്. നിലവില്‍ പ്രീമിയം ഇലക്ട്രിക് വാഹനങ്ങളാണ് എത്തിക്കുന്നതെങ്കില്‍ വൈകാതെ തന്നെ ഐസ് എന്‍ജിന്‍ വാഹനങ്ങളുടെ ഇലക്ട്രിക് മോഡലുകള്‍ എത്തിതുടങ്ങു. ഇലക്ട്രിക് കരുത്തിലേക്ക് മാറുന്ന ഐസ് എന്‍ജിന്‍ വാഹനങ്ങളില്‍ ഒന്നാമനാകുന്നത് ക്രെറ്റയുടെ ഇലക്ട്രിക് മോഡലായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. 

To advertise here,

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിന്റെ നിര്‍മാണം 2024-ന്റെ അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ക്രെറ്റ ഇലക്ട്രിക് നിര്‍മിക്കുന്നത്. ഹ്യുണ്ടായി പ്രദേശിമായി നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം എന്ന ഖ്യാതിയും ഈ മോഡലിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ന്റെ ആദ്യ പാദത്തില്‍ തന്നെ ക്രെറ്റ ഇ.വി. വിപണിയില്‍ എത്തിതുടങ്ങിയേക്കുമെന്നും സൂചനകളുണ്ട്. 

അതേസമയം, ക്രെറ്റയുടെ ഇലക്ട്രിക് മോഡല്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നും പരീക്ഷണയോട്ടം പുരോഗമിക്കുന്നുണ്ടെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും ഒടുവിലെത്തിയ ക്രെറ്റയുടെ ഡിസൈന്‍ പിന്തുടര്‍ന്നായിരിക്കും ഇലക്ട്രിക് മോഡലും ഒരുങ്ങുക. ഡിസൈനിലും ഒരുപോലെ ആണെങ്കിലും ഫീച്ചറുകളില്‍ ഇലക്ട്രിക് മുന്നിലായിരിക്കും. എല്‍.ജി. കെം വികസിപ്പിക്കുന്ന 45 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആഗോള നിരത്തുകളില്‍ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള ഗ്ലോബല്‍ സ്പെക് കോന ഇലക്ട്രിക്കിന് കരുത്തേകുന്ന മോട്ടോറായിരിക്കും ഹ്യുണ്ടായി ക്രെറ്റയില്‍ നല്‍കുക. വാഹനത്തിന്റെ മുന്നിലെ ആക്സിലില്‍ സ്ഥാനം പിടിക്കുന്ന ഈ മോട്ടോര്‍ 138 ബി.എച്ച്.പി. പവറും 255 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കേണ്ടുന്ന ഏതാനും ഫീച്ചറുകളും മറ്റും ഒഴിച്ച് നിര്‍ത്തിയാല്‍ ഐസ് എന്‍ജിന്‍ ക്രെറ്റയ്ക്ക് സമാനമായിരിക്കും ഇലക്ട്രിക്കും.

ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിനോട് മത്സരിക്കാനുള്ള വാഹനങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മാരുതി സുസുക്കിയില്‍ നിന്ന് അടുത്ത വര്‍ഷം നിരത്തുകളില്‍ എത്തുന്ന ഇ.വി.എക്‌സ്, ഹോണ്ട പുറത്തിറക്കുമെന്ന്  പ്രഖ്യാപിച്ചിട്ടുള്ള എലിവേറ്റ് ഇലക്ട്രിക് എന്നീ മോഡലുകളായിരിക്കും പ്രധാന എതിരാളികള്‍. അതേസമയം. എം.ജി. മോട്ടോഴ്‌സ് ഇതിനോടകം തന്നെ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ഇസഡ്.എസ്. ഇലക്ട്രിക് മോഡലിന്റെ ശ്രേണിയില്‍ തന്നെയായിരിക്കും ക്രെറ്റ ഇ.വിയും എത്തിക്കുന്നത്.