ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ നിർമിച്ച് ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ പദ്ധതിയിട്ട് ഹ്യുണ്ടായി. കോംപാക്ട് എസ്.യു.വിയായ ക്രെറ്റയാകും ഇത്തരത്തിൽ നിർമിച്ച് കടൽ കടക്കുന്ന ആദ്യ മോഡൽ. വരാനിരിക്കുന്ന ഇവികളും സമാനരീതിയിൽ മറ്റുരാജ്യങ്ങളിലേക്ക് എത്തിക്കുമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് വ്യക്തമാക്കുന്നത്.
കമ്പനിയുടെ ഉത്പാദന തന്ത്രത്തെക്കുറിച്ചും കയറ്റുമതി പദ്ധതിയെ കുറിച്ചും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് സി.ഒ.ഒ തരുൺ ഗാർഗ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് വിശദീകരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.80-ൽ അധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽനിന്ന് ഇവികൾ കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഗാർഗ് വ്യക്തമാക്കി.
ആഗോളതലത്തിലെ ഡിമാൻഡിനെ ആശ്രയിച്ചാവും പദ്ധതി തയ്യാറാക്കുക. ഏത് തരത്തിലുള്ള വിപണി ആവശ്യകതയും നിറവേറ്റാനുള്ള ശേഷി കമ്പനിക്ക് ഉണ്ട്. നാല് ഇവികളാണ് ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിൽ ഒന്നാണ് ജനപ്രിയ മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ്. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ ക്രെറ്റ ഇവി അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രെറ്റയ്ക്ക് പുറമെ, എൻട്രി ലെവലിൽ ഒരു ഇലക്ട്രിക് വാഹനം ഹ്യുണ്ടായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ. കോന, അയോണിക് 5 എന്നീ ഇവികളാണ് ഹ്യുണ്ടായ് ഇതുവരെ ഇന്ത്യയിലെത്തിച്ച മോഡലുകൾ. ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് വാഹനമായി 2019-ൽ എത്തിയ കോന നിരത്തുകളോട് വിടപറയുന്നുവെന്ന റിപ്പോർട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. കോന ഇലക്ട്രിക് വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വാഹനത്തിന്റെ വിവരങ്ങളും നീക്കിയിരുന്നു.
Content Highlights: hyundai plan to export made in india creta ev global market
Published: 14 Oct 2024, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented