ഹ്യുണ്ടായി ഇന്ത്യയുടെ വാഹനശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് ഗ്രാന്റ് ഐ10 നിയോസ് എന്ന ഹാച്ച്ബാക്ക്. ഇന്ത്യയിലെ ഹാച്ച്ബാക്ക് വിപണിയിൽ കരുത്തൻ സാന്നിധ്യമായ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. വൈബ് എഡിഷൻ എന്ന പേരിൽ എത്തിയിരിക്കുന്ന ഈ മോഡലിൽ റെഗുലർ പതിപ്പിൽ നിന്ന് ഡിസൈനിലും ഫീച്ചറിലുമെല്ലാം ശ്രദ്ധേയമായ അഴിച്ചുപണി വരുത്തിയിരിക്കുന്നത് കാണാം.

To advertise here,

റെഗുലർ ഗ്രാന്റ് ഐ10 നിയോസിന്റെ ഉയർന്ന വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് വൈബ് എഡിഷൻ ഒരുങ്ങിയിരിക്കുന്നത്. സ്‌പോർട്‌സ്, സ്‌പോർട്‌സ് ഓപ്ഷണൽ, ആസ്റ്റ എന്നീ മൂന്ന് വേരിയന്റുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ എത്തിയിട്ടുള്ള വൈബ് എഡിഷന് 7.09 ലക്ഷം രൂപ മുതൽ 8.02 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഗ്രാന്റ് ഐ10 നിയോസിന്റെ ഉപയോക്താക്കൾ അഞ്ച് ലക്ഷം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് വൈബ് എഡിഷൻ എത്തിയിരിക്കുന്നത്.

ഗ്രാന്റ് ഐ10 നിയോസിന്റെ റെഗുലർ പതിപ്പുമായി ചേർന്ന് നിൽക്കുന്ന രൂപമാണ് വൈബ് എഡിഷന്. എന്നാൽ, സ്‌മോഗ്ഡ് എഫക്ട് നൽകിയിട്ടുള്ള എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പ്, ട്രൈ ആരോ ഡിആർഎൽ, ഗ്ലോസി ബ്ലാക്ക് ഹണി കോംമ്പ് ഡിസൈൻ എയർ ഇൻടേക്ക് എന്നിവ മുൻഭാഗത്തെ മാറ്റങ്ങളാണ്. ബ്ലാക്ക് ഫിനീഷിങ് അലോയി വീൽ, ക്രോമിയം ഡോർ ഹാൻഡിൽ, റെഗുലർ പതിപ്പിലേതിന് സമാനമായ റിയർ പ്രൊഫൈൽ എന്നിവയാണ് വൈബ് എഡിഷനിലുള്ളത്.

അകത്തളത്തിലും ശ്രദ്ധയമായ പുതുമകൾ വരുത്തിയിട്ടുണ്ട്. ബ്ലാക്ക് ഇന്റീരിയറിൽ റെഡ് ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്. ലെതർ ആവരണമുള്ള സ്റ്റിയറിങ് വീൽ, സെഗ്മെന്റിൽ തന്നെ ആദ്യമായി ഡാഷ്‌ക്യാം, സ്മാർട്ട് കീ വിത്ത് പുഷ് ബട്ടൺ സ്റ്റാർട്ട്, എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഓട്ടോമാറ്റിക് എയർ കണ്ടീഷൻ, റിയർ എസി വെന്റുകൾ, ആറ് എയർബാഗ്, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.

മെക്കാനിക്കൽ ഫീച്ചറുകളിൽ റെഗുലർ ഗ്രാന്റ് ഐ10 നിയോസിന്റെ പിൻഗാമിയാണ് വൈബ് എഡിഷനും. 1.2 ലിറ്റർ നാല് സിലിണ്ടർ കാപ്പ പെട്രോൾ എൻജിനാണ് ഈ വാഹനത്തിനും കരുത്തേകുന്നത്. ഇത് 82 ബിഎച്ച്പി പവറും 114 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സുകളാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഗ്രാന്റ് ഐ10 നിയോസിന്റെ സിഎൻജി പതിപ്പും എത്തുന്നുണ്ടെങ്കിലും വൈബ് എഡിഷനിൽ സിഎൻജി എത്തുന്നില്ല.