ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് സെഡാന്‍ മോഡലായ അയോണിക്-6 അവതരിപ്പിച്ചു. ആഗോള ഇലക്ട്രിക് വാഹന വിപണിയുടെ ഓഹരി വിഹിതത്തില്‍ ഉയര്‍ന്ന പങ്കും സ്വന്തമാക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യമെന്നാണ് വാഹനം പുറത്തിറക്കി കൊണ്ട് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്‌ലയുടെ മോഡല്‍-3 വാഹനവുമായി നേരിട്ടുള്ള മത്സരത്തിനാണ് അയോണിക്-6 എത്തിയിട്ടുള്ളത്. 

To advertise here,

ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ്, അനുബന്ധ കമ്പനിയായ കിയ കോര്‍പ്, പ്രീമിയം വാഹന വിഭാഗമായ ജെനസിസ് തുടങ്ങിയ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുള്ള 31 ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള അയോണിക്-6 എന്നാണ് വിവരം. 2030-ഓടെ ഈ ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാം വിപണിയില്‍ എത്തിക്കാനും ഇതുവഴി ഇലക്ട്രിക് വാഹന വിപണിയുടെ 12 ശതമാനം ഓഹരി വിഹിതം ഹ്യുണ്ടായിയുടെയും അനുബന്ധ കമ്പനിയുടെ പേരിലാക്കാനുമാണ് ലക്ഷ്യമിടുന്നത്. 

ഈ വര്‍ഷം ജനുവരി മുതല്‍ മേയ് മാസം വരെയുള്ള കണക്ക് അനുസരിച്ച് ഹ്യുണ്ടായിയും കിയ മോട്ടോഴ്‌സുമാണ് ഇലക്ട്രിക് വാഹന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 13.5 ശതമാനമാണ് ഇലക്ട്രിക് വാഹന കയറ്റുമതിയില്‍ ഇവരുടെ മാര്‍ക്കറ്റ് ഷെയര്‍. 22 ശതമാനം വിപണി വിഹിതവുമായി ടെസ്‌ലയാണ് ഈ ശ്രേണിയില്‍ മുന്നിലുള്ളതെന്നാണ് എസ്.എന്‍.ഇ. റിസേര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെസ്‌ലയ്‌ക്കൊപ്പം വളരുന്നതിനായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഈ കമ്പനികള്‍ എത്തിക്കുമെന്നും വിവരമുണ്ട്.

ഇപ്പോള്‍ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള അയോണിക്-6 ന് 55 മില്ല്യണ്‍ വോണ്‍(41,950 ഡോളര്‍) ആണ് ദക്ഷിണ കൊറിയന്‍ വിപണിയിലെ വില. ഈ വാഹനം പ്രധാനമായും മത്സരിക്കുന്ന ടെസ്‌ല മോഡല്‍-3 യുടെ വിലയും ആ വാഹനം ഉറപ്പുനല്‍കുന്ന റേഞ്ചും പരിഗണിച്ചാല്‍ കടുത്ത മത്സരം സമ്മാനിക്കാന്‍ ഈ മോഡലിന് കഴിയുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ടെസ്‌ല പല തവണകളായി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചതിനാല്‍ തന്നെ വിലയിലും ഈ വാഹനത്തിന് മേല്‍കൈ പ്രതീക്ഷിക്കുന്നുണ്ട്.

റേഞ്ചിലും ടെസ്‌ല വാഹനങ്ങള്‍ക്ക് ഒത്ത എതിരാളിയായാണ് ഹ്യുണ്ടായി ഈ പുതിയ ഇലക്ട്രിക് സെഡാനെ എത്തിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 610 കിലോമീറ്റര്‍ (380 മൈല്‍) സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഹ്യുണ്ടായിയുടെ തന്നെ അയോണിക്-5 ക്രോസ് ഓവറിനെക്കാള്‍ 30 ശതമാനം അധിക റേഞ്ചാണ് അയോണിക്-6 നല്‍കുന്നത്. 53 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ട് ശേഷിയിലുള്ള ബാറ്ററി പാക്കുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും ഹ്യുണ്ടായി അറിയിച്ചു.

Source: Reuters