ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചര്‍ വാഹന നിര്‍മാതാക്കള്‍ എന്ന വിശേഷണം ദീര്‍ഘകാലമായി ഹ്യുണ്ടായിക്ക് സ്വന്തമാണ്. ഈ പെരുമ നിലനിര്‍ത്തുന്നതില്‍ ഹ്യുണ്ടായിയുടെ എസ്‌യുവി ശ്രേണി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതില്‍ തന്നെ എടുത്ത് പറയേണ്ട മോഡലാണ് ക്രെറ്റ എന്ന മിഡ് സൈസ് എസ്‌യുവി. 2025 ആരംഭിച്ചതിന് ശേഷം ടോപ്പ് സെല്ലിങ് എസ്‌യുവി എന്ന ഖ്യാതി മറ്റൊരു വാഹനത്തിനും വിട്ടുനല്‍കാത്ത ക്രെറ്റ ഏപ്രില്‍ മാസത്തിലും ഇത് തുടരുകയാണ്. 

To advertise here,

ഏപ്രിലില്‍ ക്രെറ്റയുടെ 17,016 യൂണിറ്റിന്റെ വില്‍പ്പനയോടെയാണ് ടോപ്പ് സെല്ലിങ് എസ്‌യുവി പട്ടം ക്രെറ്റ സ്വന്തമാക്കിയിരിക്കുന്നത്. 2024 -ല്‍  ഇതേ മാസത്തിലെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 10.2 ശതമാനത്തിന്റെ വില്‍പ്പന നേട്ടമാണ് ക്രെറ്റ കൈവരിച്ചിരിക്കുന്നത്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഈ നാല് മാസത്തിനുള്ളില്‍ 69,914 ക്രെറ്റയാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയതെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. 

ക്രെറ്റ ഉള്‍പ്പെടെയുള്ള എസ്‌യുവികളുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഹ്യുണ്ടായിയുടെ എസ്‌യുവി ശ്രേണിയുടെ വില്‍പ്പനയില്‍ 70.9 ശതമാനം നേട്ടമുണ്ടാക്കാന്‍ സാധിച്ചെന്നും നിര്‍മാതാക്കള്‍ പറയുന്നു. ക്രെറ്റ പോലെ തന്നെ കരുത്തുറ്റ എസ്‌യുവി ശ്രേണിയാണ് ഹ്യുണ്ടായിയുടെ എക്കാലത്തേയും കരുത്തെന്നും, എക്സ്റ്റര്‍, വെന്യു, അല്‍കസാര്‍, ഇലക്ട്രിക് ക്രെറ്റ തുടങ്ങിയ വാഹനങ്ങളെല്ലാം മികച്ച വില്‍പ്പന നേട്ടമാണ് ഹ്യുണ്ടായിക്ക് സമ്മാനിക്കുന്നതെന്നുമാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

ഇന്ത്യയിലെ വാഹന വിപണിയില്‍ ഏറ്റവുമധികം കരുത്തുറ്റ മോഡലുകളുള്ള മിഡ് - സൈസ് എസ്‌യുവി ശ്രേണിയിലാണ് ക്രെറ്റയുടെ മത്സരം. മാരുതി സുസുക്കി ഗ്രാന്റ് വിത്താര, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക് തുടങ്ങിയ വാഹനങ്ങളുമായാണ് ക്രെറ്റ ഏറ്റുമുട്ടുന്നത്. ഹ്യുണ്ടായിയുടെ ആഗോള ഡിസൈന്‍ ലാഗ്വേജായ സെന്‍ഷ്യസ് സ്പോര്‍ട്ടിനെസ് അടിസ്ഥാനമാക്കി ഒരുങ്ങിയിയതും മികച്ച സാങ്കേതിക സംവിധാനങ്ങള്‍ നല്‍കുന്നതുമാണ് ഈ വാഹനത്തെ ജനപ്രിയമാക്കുന്നത്. 

2024-ല്‍ ആയിരുന്നു ക്രെറ്റയുടെ ഒറ്റവുമൊടുവിലെ മുഖംമിനുക്കല്‍. ഡിസൈനില്‍ മാറ്റം വരുത്തിയെങ്കിലും മെക്കാനിക്കലായ മാറ്റത്തിന് കമ്പനി മുതിര്‍ന്നിരുന്നില്ല. 115 ബിഎച്ച്പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 160 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 115 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ക്രെറ്റയ്ക്ക് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷനുകള്‍.