മിഡ് സൈസ് എസ്.യു.വി വാഹനനിരയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായ്. ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇലക്ട്രിക്കിന്റെ വരവ്. ജനവരി 17-ന് നടക്കുന്ന ഭാ​രത് മൊബിലിറ്റി ​ഗ്ലോബൽ എക്സ്പോയിലെ അവതരണത്തിനു മുന്നോടിയായാണ് വാഹനത്തിന്റെ ഡിസൈനും ഫീച്ചറുകളും ഉൾപ്പടെയുളള വിവരങ്ങൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  

To advertise here,

ഇന്ത്യൻ വിപണിയിൽ താങ്ങാവുന്ന വിലയിൽ സ്വന്തമാക്കാനാകുന്ന ഇവി ആയിരിക്കും ഇത്. കോന, അയോണിക്-5 എന്നീ രണ്ട് ഇലക്ട്രിക് മോഡലുകളാണ് ഹ്യുണ്ടായിക്ക് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇതിൽ അയോണിക്-5നെ അപേക്ഷിച്ച് കോനയ്ക്ക് വില കുറവായിരുന്നു. എന്നാൽ വിപണയിൽനിന്ന് കോനയെ പിൻവലിച്ചതോടെ മറ്റൊരു ഇലക്ട്രിക് മോഡല്‍ എന്ന ഹ്യുണ്ടായിയുടെ ആലോചന അവസാനിച്ചത് ക്രെറ്റയിലായിരുന്നു. 

ഡിസൈൻ

റെ​ഗുലർ മോഡലിനെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് ക്രെറ്റ ഇവിയുടെയും രൂപകൽപന. ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വഭാവമായ ക്ലോസ്ഡ് ഗ്രില്ലും ചാർജിങ് പോർട്ടുമാണ് മുൻവശത്തെ പ്രത്യേകത. വായു പ്രവാഹം സുഖമമാക്കാൻ കൂടുതൽ സഹായകമാകുന്ന പുതിയ 17 ഇഞ്ച് അലോയ് വീല്‍ നൽകിയിട്ടുണ്ട്. വായുപ്രവാഹം നിയന്ത്രിക്കുന്നതിന് എയർ ഫ്ലാപ്പുകളും നൽകി. മുന്നിലേയും പിന്നിലേയും ബമ്പറുകൾക്ക് ചെറിയ രൂപമാറ്റവും ഉണ്ട്. റെ​​ഗുലർ മോഡലിലെ അതേ രീതിയിലാണ് ഹെഡ് ലാമ്പുകളും ഡിആർഎല്ലും ടെയിൽ ലൈറ്റുകളും സജ്ജമാക്കിയിരിക്കുന്നത്. 

ഇന്റീരിയർ

അയോണിക്-5ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉൾവശം ഡിസൈൻ ചെയ്തിരിക്കുന്നത്. പൂർണമായി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, പുതിയ സോഫ്റ്റ് വെയർ ഫീച്ചറുകൾ, പരിഷ്ക്കരിച്ച സൗണ്ട് സിസ്റ്റം, 3സ്പോക് സ്റ്റിയറിങ് വീൽ എന്നിവ സവിശേഷതകളാണ്. ഡിജിറ്റൽ കീ, ലെവൽ 2 അഡാസ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, 360 ഡി​ഗ്രി ക്യാമറ എന്നിങ്ങനെ ഫീച്ചറുകളും നിരവധിയാണ്.  

ബാറ്ററിയും കരുത്തും

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ക്രെറ്റ ഇവിക്ക് നൽകിയിട്ടുണ്ട്. 42 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആണ് ഇതിൽ ഒന്ന്. ഒറ്റചാർജിങിൽ 390 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്ക് വരുന്ന മോഡലിൽ 473 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. 10-80 ശതമാനം ചാർജാകാൻ വേണ്ടത് വെറും 58 മിനിറ്റ് മാത്രം. 11 കിലോവാട്ട് സ്മാർട് കണക്ടഡ് വാൾ ബോക്സ് എസി ചാർജർ ഉപയോ​ഗിക്കുമ്പോൾ 10-100 ശതമാനം ചാർജാകാൻ വേണ്ടത് വെറും നാല് മണിക്കൂറാണ്. 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്കുള്ള മോഡലിന് 0-100 കിലോമീറ്റർ വേ​ഗം കൈവരിക്കാൻ 7.9 സെക്കൻഡ് മാത്രം മതി.  

എക്സിക്യൂട്ടീവ്, സ്മാർട്, പ്രീമിയം, എക്സലൻസ് എന്നീ നാല് വേരിയന്റുകളിൽ വാഹനം ലഭിക്കും. 20 ലക്ഷം രൂപ (എക്സ് ഷോറൂം) വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ഇ. 6ഇ, ടാറ്റ കര്‍വ് ഇ.വി, എം.ജി. ഇസഡ്.എസ്. ഇ.വി, ബി.വൈ.ഡി ആറ്റോ 3, മാരുതിയുടെ വരാനിരിക്കുന്ന ഇ-വിത്താര തുടങ്ങിയ വാഹനങ്ങളോടായിരിക്കും ക്രെറ്റ ഇ.വിക്ക് നിരത്തില്‍ ഏറ്റുമുട്ടേണ്ടിവരിക.

നിറങ്ങൾ
അഞ്ച് മോണോ ടോൺ നിറങ്ങളും മൂന്ന് മാറ്റ് കളറുകളും രണ്ട് ഡ്യുവൽ ടോൺ ഓപ്ഷനും വരുന്നുണ്ട്. 

  • മോണോ ടോൺ- ബ്ലാക്ക് പേൾ, അറ്റ്ലസ് വൈറ്റ്, റെഡ് പേൾ, സ്റ്റേറി നൈറ്റ്, ഓഷ്യൻ ബ്ലു മെറ്റാലിക്
  • മാറ്റ്- ഓഷ്യൻ ബ്ലൂ  , ടൈറ്റാൻഡ ​ഗ്രേ, റോബസ്റ്റ് എമറാൾഡ് മാറ്റ് 
  • ഡ്യുവൽ ടോൺ-  ഓഷ്യൻ ബ്ലു മെറ്റാലിക് വിത്ത് ബ്ലാക്ക് റൂഫ്, അറ്റ്ലസ് വൈറ്റ് വിത്ത് ബാക്ക് റൂഫ്

സെ​ഗ്മെന്റിൽ കടുത്ത മത്സരം ഉണ്ടായിട്ടും എക്കാലത്തേയും ഉയർന്ന വാർഷിക വിൽപനയാണ് 2024-ൽ ക്രെറ്റ റ​ഗുലർ മോഡൽ സ്വന്തമാക്കിയത്. 2024-ൽ ക്രെറ്റയുടെ 1,86,919 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. ഇന്ത്യയിൽ ഒരു മിഡ് സൈസ് എസ്.യു.വി ഒരു കലണ്ടർ വർഷത്തിൽ നേടുന്ന ഏറ്റവും വലിയ വിൽപനയാണിത്.

മിഡ് സൈസ് എസ്.യു.വി സെ​ഗ്മെന്റിലെ വിൽപനയിൽ 2023-ലും ക്രെറ്റ തന്നെയായിരുന്നു മുന്നിൽ. 1,57,311 യൂണിറ്റുകൾ. 18.8 ശതമാനത്തിന്റെ വളർച്ചയാണ് അടുത്തടുത്ത വർഷങ്ങളിൽ വാഹനത്തിന്റെ വിൽപനയിൽ ഉണ്ടായത്. മാരുതി സുസുക്കി ​ഗ്രാന്റ് വിത്താര, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലവേറ്റ്, സ്കോഡ കുഷാക്ക്, ഫോക്സ് വാ​ഗൺ ടൈ​ഗൂൺ, എം.ജി.ആസ്റ്റർ എന്നീ വമ്പൻമാരെ മറികടന്നാണ് ക്രെറ്റ ഈ നേട്ടം സ്വന്തമാക്കിയത്.