2020-ല്‍ ലോകം ഉറ്റുനോക്കിയിരുന്ന അവതരണമായിരുന്നു ഹമ്മറിന്റെ ഇലക്ട്രിക് മോഡലിന്റേത്. എന്നാല്‍, കൊറോണ വൈറസ് ബാധയും അതേതുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഹമ്മര്‍ ഇലക്ട്രിക്കിന്റെ വരവ് ഒരു വര്‍ഷം കൂടി വൈകിപ്പിക്കുകയായിരുന്നു. ഇലക്ട്രിക് പിക്ക് അപ്പായി മടങ്ങിയെത്തുന്ന ഹമ്മര്‍ 2021-ല്‍ എത്തുമെന്നാണ് നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് അറിയിച്ചത്. 

To advertise here,

എന്നാല്‍, ഹമ്മര്‍ എന്ന വാഹനവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തയാണ് ഏറെ കൗതുകകരം. 2021 ഹമ്മര്‍ ഇവിയുടെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വാഹനം വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്. അതായത്, അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഹമ്മറിന്റെ പുതിയ പതിപ്പ് വിറ്റഴിഞ്ഞിരിക്കുകയാണ്. 2022-ലേക്കുള്ള ബുക്കിങ്ങ് അടുത്ത വര്‍ഷമായിരിക്കും ആരംഭിക്കുക. 

അടുത്ത വര്‍ഷം ആദ്യം തന്നെ ഹമ്മര്‍ ഇ.വി എത്തുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണ തോത് കൂടുതലാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 2010-ലാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന ഹമ്മറിന്റെ ഉത്പാദനം ജനറല്‍ മോട്ടോഴ്‌സ് അവസാനിപ്പിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2020-ല്‍ ഇലക്ട്രിക് കരുത്തില്‍ ഹമ്മര്‍ എത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

placeholder
ഹമ്മര്‍ ഇലക്ട്രിക് | Photo: GMC.com
ഹമ്മര്‍ ഇലക്ട്രിക് | Photo: GMC.com

2020-മേയ് മാസത്തില്‍ ഇലക്ട്രിക് പിക്ക്-അപ്പ് ആയി ഹമ്മര്‍ എത്തുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, പ്രതികൂല സാഹചര്യം കണക്കിലെടുത്ത് വരവ് 2021-ലേക്ക് നീട്ടുകയായിരുന്നു. ആദ്യം ഇലക്ട്രിക് പിക്ക്-അപ്പ് ആയാണ് എത്തുന്നതെങ്കിലും ഭാവിയില്‍ മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ് യു വിയായും ഹമ്മര്‍ നിരത്തുകളിലെത്തുമെന്നാണ് സൂചന. 

മുമ്പ് നിരത്തിലുണ്ടായിരുന്ന ഹമ്മറിന്റെ ഡിസൈന്‍ ശൈലിയിലായിരിക്കും പുതിയ ഹമ്മര്‍ ഇവിയും ഒരുങ്ങുക. അതേസമയം ഇലക്ട്രിക്കിലേക്ക് മാറുന്നതിന്റെ നേരിയ മാറ്റങ്ങള്‍ ഈ വാഹനത്തില്‍ നല്‍കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. മുമ്പ് ഹമ്മര്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് അതേ ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

കരുത്തേറിയ വാഹനമായിരിക്കുമെന്നും 1000 എച്ച്പി കരുത്തുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും മൂന്ന് സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നുമാണ് ഈ വാഹനത്തെ കുറിച്ചുള്ള പ്രഥമിക വിവരം. 1.12 ലക്ഷം ഡോളറാണ് ഹമ്മര്‍ ഇ.വിയുടെ വില(ഏകദേശം 83 ലക്ഷം രൂപ).

Content Highlights: Hummer EV Sold Out Before Official Launch