
വാഹന ലോകത്തിലെ കരുത്തരില്‍ കരുത്തനെന്ന് വേണം ഹമ്മര്‍ എന്ന വാഹനത്തെ വിശേഷിപ്പിക്കാന്‍. പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് കരുത്തില്‍ എത്തുമ്പോഴും ഈ വിശേഷണം ഹമ്മറിന് അന്യം നിന്ന് പോകുന്നില്ല. അതുകൊണ്ടുതന്നെയാണ് ബുക്കിങ്ങ് തുറന്നപ്പോള്‍ തന്നെ ഈ വാഹനം വിറ്റുത്തീര്ന്നതും. ഒടുവില്‍ ഹമ്മര്‍ ഇ.വിയുടെ വിതരണം ആരംഭിച്ചതാണ് ഈ വാഹനവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വിശേഷം.
ഇലക്ട്രിക് കരുത്തിലുള്ള പിക്ക്അപ്പ് ട്രക്കായാണ് ഹമ്മര്‍ ഇ.വി. എത്തിയിട്ടുള്ളത്. അമേരിക്കന്‍ വാഹന വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് പിക്ക്അപ്പ് ട്രക്കാണിത്. റിവിയാന്‍ ആര്1ടി-യാണ് ഈ സെഗ്്മെന്റിലെ ഇലക്ട്രിക് വാഹനങ്ങളിലെ തുടക്കകാരന്. ഹമ്മറിന് പിന്നാലെ മറ്റൊരു അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ എഫ്-150 ലൈറ്റനിങ്ങ് എത്തിയേക്കും. ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്ലയുടെ സൈബര്‍ ട്രക്കും 2022-ല്‍ നിരത്തുകളിലെത്തും.
2020-ലാണ് ഹമ്മറിന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്. ഹമ്മര്‍ ഇലക്ട്രിക്കിന്റെ ഡിസൈന്‍, ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ മുമ്പ് തന്നെ ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു. കാഴ്ചയില്‍ കേമനാണെങ്കിലും റേഞ്ചാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. 560 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് ഉറപ്പുനല്‍കുന്നത്. 800 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 മൈല്‍ സഞ്ചരിക്കാമെന്നും കമ്പനി അറിയിച്ചു.
ഇലക്ട്രിക് കരുത്തിലേക്ക് മാറുമ്പോഴും വേഗതയിലും പവറിലും ഹമ്മര്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മോട്ടോറുകള്‍ ചേര്‍ന്ന് 1000 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കും. കേവലം മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കും. മുമ്പ് ഹമ്മര്‍ എസ്.യു.വി. ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ആ വാഹനത്തില്‍ ലഭിച്ചിരുന്ന ഡ്രൈവിങ്ങ് അനുഭവം ഇലക്ട്രിക് വാഹനവും നല്‍കുമെന്നും കമ്പനി ഉറപ്പു നല്കുന്നു.
പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തിനുള്ളില്‍ നല്‍കുന്നുണ്ട്. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാകുന്നതിനൊപ്പം സാങ്കേതികവിദ്യയിലും ഈ വാഹനം ഒരുപടി മുന്നിലാണ്. 13.4 ഇഞ്ച് ഡയഗോണല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ആകര്‍ഷകമായ സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ ഒരുങ്ങും. 60.28 ലക്ഷം രൂപ (80,000 ഡോളര്‍) മുതല്‍ 83.11 ലക്ഷം രൂപ(1,10,295 ഡോളര്‍ ) വരെയാണ് ഈ വാഹനത്തിന്റെ വില.
Content Highlights: GM Motors starts delivery of Hummer Electric Pick Up Truck, Hummer EV
Published: 23 Dec 2021, 01:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented