
അമേരിക്കല്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യയിലെ ബ്രാന്റ് പാര്‍ട്ണറായി ബോളിവുഡ് താരം ഹൃത്വിക് റോഷനെ നിയമിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെ ഹൃത്വിക് റോഷനും ഈ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. പുതിയ ജീപ്പ് റാംഗ്ലര്‍ റൂബിക്കോണുമായുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മികവ്, പുതുമ, സാഹസികത എന്നിവയോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഹൃത്വിക് റോഷനുമായുള്ള ബന്ധമെന്ന് കമ്പനി അറിയിച്ചു.
കമ്പനിയുടെ ബ്രാന്റ് അംബാസിഡറായതിന് പിന്നാലെ ജീപ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും പുതിയ റാംഗ്ലര്‍ റൂബിക്കോണ്‍ അദ്ദേഹം സ്വന്തമാക്കിയ സന്തോഷവും ജീപ്പ് ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ ഇന്ത്യയിലെ ആദ്യ ഉടമയാണ് ഹൃത്വിക് റോഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസി ബ്ലാക്ക് നിറത്തിലുള്ള റൂബിക്കോണ്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. താരത്തെ ജീപ്പ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നാണ് ജീപ്പ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 2024 റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അണ്‍ ലിമിറ്റഡ്, റൂബിക്കോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് വില. പഴയ പതിപ്പിനേക്കാള്‍ അഞ്ചുലക്ഷം രൂപ കൂടും. മുന്‍ മോഡലിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. ജീപ്പിന്റെ സിഗ്നേച്ചര്‍ ഗ്രില്ലിന് ചുറ്റിലും ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയാണ് മുഖം അഗ്രസീവാക്കുന്നത്. ഇതുപോലെ ചെറുതല്ലാത്ത മാറ്റങ്ങള്‍ ചുറ്റിലും വരുത്തിയിട്ടുണ്ട്.
ജീപ്പിന്റെ അമേരിക്കന്‍ ജീന്‍ വിളിച്ചറിയിക്കുന്ന അകത്തളമാണ് റൂബിക്കോണില്‍ നല്‍കിയിട്ടുള്ളത്. ഡാഷ്‌ബോര്‍ഡ് രൂപകല്പനയും മറ്റ് കാര്യങ്ങളുമെല്ലാം മുന്‍ഗാമിക്ക് സമാനമാണെങ്കിലും സൗന്ദര്യവത്കരണത്തില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ജീപ്പിന്റെ യുകണക്ട് 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനാണ് ഡാഷിലെ താരം. വലിയ സ്‌ക്രീനിന്റെ വരവോടെ സെന്‍ട്രല്‍ എയര്‍ വെന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിന് താഴേക്ക് മാറി. 12 തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകളും ഹൈലൈറ്റാണ്.
ഓഫ് റോഡുകള്‍ക്കും ഇണങ്ങുന്ന വാഹനമായതിനാല്‍ തന്നെ സുരക്ഷയിലും കേമനാണ് ഈ വാഹനം. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ എന്നിവയ്ക്ക് പുറമേ അഡാസും കൂടി ചേരുന്നതോടെ സുരക്ഷയിലും കേമനാണ് ഈ വാഹനമെന്ന് തെളിയിക്കുന്നു.
രണ്ട് വേരിയന്റുകളിലും 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോപെട്രോള്‍ എന്‍ജിനാണ് വരുന്നത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 270 ബി.എച്ച്.പി. പവറില്‍ പരമാവധി 400 എന്‍.എം. ടോര്‍ക്ക് വരെയാണ് ഉത്പാദിപ്പിക്കുക. ജീപ്പിന്റെ സെലക്ട്രാക്ക് ഫുള്‍ടൈം ഫോര്‍വീല്‍ ഡ്രൈവ് മുഴുവന്‍ സമയവും സജ്ജമാണ്. അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍, ബ്രേക്ക്ഓവര്‍ ആംഗിള്‍ എന്നിവ യഥാക്രമം 36 ഡിഗ്രി, 31 ഡിഗ്രി, 20 ഡിഗ്രി (റൂബിക്കോണിന് 21 ഡിഗ്രി) എന്നിങ്ങനെയാണ്.
Content Highlights: Hrithik Roshan appointed as jeep India brand ambassador and he is first owner of wrangler rubicon
Published: 11 Jul 2024, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented