വിദേശ രാജ്യത്ത് നിര്‍മിക്കുന്ന ഒരു വാഹനം സ്വന്തം രാജ്യത്തേക്ക് കയറ്റുമതി ചെയ്യുക. കേള്‍ക്കുമ്പോള്‍ കൗതുകമുള്ള ഒന്നാണിത്. ഇന്ത്യയില്‍ നിര്‍മിച്ച ഹോണ്ട എലിവേറ്റ് എന്ന എസ്.യു.വിയാണ് ഹോണ്ടയുടെ മാതൃരാജ്യമായ ജപ്പാനിലേക്ക് നിര്‍മാതാക്കള്‍ കയറ്റുമതി ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ വിപണിയില്‍ എലിവേറ്റ് എന്ന പേരില്‍ എത്തുന്ന ഈ വാഹനം കടല്‍കടക്കുന്നതോടെ ഡബ്ല്യു.ആര്‍.വി. എന്ന് പേര് മാറുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

To advertise here,

ഹോണ്ട കാര്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് കാറുകള്‍ സ്വന്തനാടായ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഓട്ടോമോട്ടീവ് വ്യവസായ രംഗത്തെ ഇന്ത്യ കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെ തെളിവായാണ് ഈ നീക്കത്തെ ഹോണ്ടതന്നെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുകയും, ഈ വിപണിയില്‍ വലിയ വിജയം സ്വന്തമാക്കുകയും ചെയ്ത എലിവേറ്റ് എന്ന വാഹനം ഹോണ്ടയുടെ മുഖമായി മാറിയിരിക്കുകയാണ്. ഈ വിജയം ആവര്‍ത്തിനുറച്ചാണ് കയറ്റുമതിയെന്നും കമ്പനി അഭിപ്രായപ്പെടുന്നു. 

2023 സെപ്റ്റംബറിലാണ് ഈ വാഹനത്തിന്റെ ആഗോള അവതരണം നടക്കുന്നത്. എലിവേറ്റ് ഒരു ഗ്ലോബല്‍ എസ്.യു.വിയാണെന്നും, ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ഈ വാഹനം എത്തിക്കുമെന്നും ഹോണ്ട അന്നുതന്നെ അറിയിച്ചിരുന്നു. അര്‍ബണ്‍ ഫ്രീ സ്റ്റൈലര്‍ എന്ന ആശയത്തിനെ അടിസ്ഥാനത്തിലാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഹോണ്ട ഇന്ത്യയുടെ വേറിട്ട ഡിസൈനായിരുന്നു എലിവേറ്റ്.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഹോണ്ട സിറ്റി സെഡാനുമായി പങ്കിട്ടാണ് എലിവേറ്റ് എസ്.യു,വി. എത്തിയിട്ടുള്ളത്. അതേസമയം, ഐ-ഡിടെക്കിനെ പുറത്തുനിര്‍ത്തി ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് എലിവേറ്റിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 121 ബി.എച്ച്.പി. പവറും 145 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകള്‍ ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. മറ്റ് അടിസ്ഥാന സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വാഹന വിപണിയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്കാണ് എലിവേറ്റ് എത്തിയിരിക്കുന്നത്. എല്ലാനിലയിലും എതിരാളികളെക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ഈ മോഡലിന് 4312 എം.എം. നീളം, 1790 എം.എം. വീതി, 1650 എം.എം. ഉയരവും 2650 എം.എം. വീല്‍ബേസ് 220 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് വലിപ്പം. തുര്‍ക്കി, മെക്‌സിക്കോ, മിഡില്‍ ഈസ്റ്റ്, നേപ്പാള്‍, ഭൂട്ടാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ വാഹനം എത്തിക്കും.