കോയമ്പത്തൂർ: നഗരത്തിലെ പ്രധാന ആകർഷണവും വാഹന പ്രേമികളുടെ ഇഷ്ട കേന്ദ്രവുമായ ജി.ഡി. കാർ മ്യൂസിയത്തിൽ പുതിയ അതിഥികളെത്തി. ജെയിംസ് ബോണ്ടിന്റെ സ്വന്തം ആസ്റ്റൺ മാർട്ടിനാണ് കൂട്ടത്തിലെ താരം.

To advertise here,

റേസിങ് ട്രാക്കുകളിലും റോഡുകളിലും തീ പറപ്പിക്കുന്ന ഫെറാറി, ലംബോർഗീനി, മാക്ലറൻ, ലോട്ടസ്, ആഡംബരകാറായ റോൾസ് റോയിസ്, വേഗക്കാരായ പോർഷ, മസ്ദ, മസിറാറ്റി തുടങ്ങിയ വമ്പന്മാരാണ് കാഴ്ചക്കാർക്ക് ഹരം പകരാൻ എത്തിയിട്ടുള്ളത്.

2015-ൽ ആരംഭിച്ച കാലം മുതൽ ഒരു പതിറ്റാണ്ടിനിപ്പുറം മ്യൂസിയത്തിൽ വിന്റേജ്, ക്ലാസിക്, സ്വദേശി-വിദേശി കാറുകളുടെ വമ്പൻ ശേഖരമുണ്ട്. ഓരോ വർഷവും നിരവധി പുതിയ കാറുകൾ ഇവിടെ എത്താറുണ്ട്. കാറുകൾ ഇവിടെ കാഴ്ച വസ്തുക്കൾ മാത്രമല്ല ചരിത്രത്തിന്റ അവശേഷിപ്പുകൂടിയാണ്.

ശാസ്ത്രപുരോഗതിയുടെ ഉദാഹരണങ്ങൾ കൂടിയാണ് ഓരോ കാറുകളും. അത് അടുത്ത തലമുറയ്ക്ക് മനസ്സിലാക്കി നൽകാനും പ്രചോദനം നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി ജി.ഡി. ഗോപാൽ പറയുന്നു.

കാറുകളോടൊപ്പം കോയമ്പത്തൂരിന്റെ റേസിങ് കാർ ചരിത്രം വിളംബരം ചെയ്യുന്ന പോസ്റ്ററുകൾ, റേസിങ് ഇതിഹാസം കരിവർധൻ രൂപകല്പന ചെയ്ത ഫോർഡ് ജി.ടി. 40, മറ്റ് ചില സ്‌പോർട്‌സ് കാറുകളായ എൽജിബി റോളൻ, എംആർഎഫ് 1600, എംആർഎഫ് 2000 എന്നിവയും പുതിയ പവലിയനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആധുനിക കോയമ്പത്തൂരിന്റെ ശില്പികളിലൊരാളും പ്രമുഖ ശാസ്ത്രജ്ഞ നുമായിരുന്ന ജി.ഡി. നായിഡുവിന്റെ പേരിലുള്ള കാർ മ്യൂസിയത്തിൽ വിവിധ വിഭാഗങ്ങളിൽപെട്ട 140 ഓളം കാറുകളുടെ വമ്പൻ ശേഖരമുണ്ട്.

2023-ൽ ഇന്ത്യൻ കാറുകൾക്ക് മാത്രമായി പ്രത്യേക ഒരു വിഭാഗം തുറന്നു. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര വാഹന പുരോഗതി എടുത്ത് കാട്ടുന്ന ഇവിടെ പഴയ കാളവണ്ടി മുതൽ ഇന്ത്യൻ റോഡുകളുടെ റാണിയായിരുന്ന അംബാസഡറിന്റെ വിവിധ മോഡലുകൾ, ഫിയറ്റുകൾ, സ്റ്റാൻഡേർഡ്, സൺറൈസ് (സെയിൽ), പ്രീമിയർ, ടാറ്റാ, മാരുതി എന്നിവയുടെ വാഹനങ്ങളും കാണാം.

ഒപ്പം ഇറക്കുമതി ചെയ്തതും, ഭാഗങ്ങൾ ഇവിടെ അസംബിൾ ചെയ്തതുമായ ബസുകൾ, പിക് ആപ്പുകൾ എന്നിവയുമുണ്ട്. പെരിയാർ ഇ.വി. രാമസ്വാമിക്ക് പിറന്നാൾ സമ്മാനമായി എം.ആർ. രാധ സമ്മാനിച്ച ഷെവർലെ കാരവൻ മറ്റൊരു പ്രധാന ആകർഷണമാണ്.

ഏഴ് പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച ഇത് ആധുനിക കാരവാനുകളോട് കിടപിടിക്കുന്നതാണ്. ഇതിൽ ഒരു ചെറു അടുക്കളയും ശൗചാലയവും വരെ ഉണ്ട്. സഞ്ചരിക്കുന്ന സിനിമ സ്റ്റുഡിയോ അടങ്ങിയ ഒരു പഴയ വാനും ഇവിടെ കാണാൻ സാധിക്കും.