ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഇറ്റാലിയന്‍ കമ്പനിയായ ഫെരാരി. മറ്റ് വാഹന നിര്‍മാതാക്കളുടെ പാത പിന്തുടര്‍ന്ന് ഇലക്ട്രിക് വാഹനം പുറത്തിറക്കാനുള്ള നീക്കങ്ങളിലാണ് ഈ അത്യാഡംബര വാഹന നിര്‍മാതാക്കളും. മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ട ഫെരാരിയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ 2025 ഒക്ടോബര്‍ മാസത്തോടെ പുറത്തിറങ്ങുമെങ്കിലും രണ്ടാമത്തെ വാഹനത്തിന് ഒരു ബ്രേക്ക് എടുക്കാനുള്ള തീരുമാനത്തിലാണ് കമ്പനിയെന്നാണ് വിവരം.
ഫെരാരിയുടെ വാഹനനിരയിലെ രണ്ടാമത്തെ ഇലക്ട്രിക് മോഡല്‍ 2026-ല്‍ എത്തിക്കുമെന്നായിരുന്നു നിര്‍മാതാക്കള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ഇത് 2028-ലേക്ക് നീട്ടിയതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈ പെര്‍ഫോമെന്‍സ് കാറുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് താരതമ്യേന ഡിമാന്റ് കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ വാഹനം അവതരിപ്പിക്കുന്നതിന് കൂടുതല്‍ സമയം എടുക്കാന്‍ ഫെരാരി തീരുമാനിച്ചിരിക്കുന്നതെന്നുമാണ് റോയിട്ടേഴ്‌സ് അറിയിച്ചിരിക്കുന്നത്.
ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സുസ്ഥിരമായ ഡിമാന്റ് നിലവിലെ സാഹചര്യത്തില്‍ ഇല്ലെന്നുമാണ് കമ്പനിയുടെ വിലയിരുത്തല്‍. ഫെരാരിയുടെ സ്‌പോര്‍ട്‌സ് കാറുകള്‍ വാങ്ങാനെത്തുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന സുപ്രധാന ഘടകം ഇവയുടെ എക്‌സ്‌ഹോസ്റ്റ് സൗണ്ടാണ്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളിലെ ശബ്ദത്തിന്റെ അഭാവം പോലും വാഹനത്തിന്റെ വില്‍പനയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നതും ഫെരാരിയെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.
ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറുകളില്‍ നിന്ന് ഉപയോക്താക്കള്‍ അകലം പാലിക്കുന്നതിന് വേറെയും കാരണങ്ങള്‍ നിര്‍മാതാക്കള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഇലക്ട്രിക് കാറുകളുടെ ബാറ്ററിയുടെ അമിത ഭാരവും ഫോസില്‍ ഇന്ധന വാഹനങ്ങളെ പോലെ പവര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് മറ്റ് കാരണങ്ങള്‍. ഈ കാരണങ്ങള്‍ എല്ലാം പരിഗണിച്ചാണ് രണ്ടാമതൊരു ഇലക്ട്രിക് കാര്‍ നിര്‍മിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ഫെരാരി വിലയിരുത്തുന്നത്.
Content Highlights: Ferrari delays its second electric car launch to 2028 due to low demand
Published: 19 Jun 2025, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented