
വെള്ളി നിറത്തില്‍ തിളങ്ങുന്ന നാല് വളയങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആഡംബരത്തിന്റെ പര്യായയമാണ് വിശേഷിപ്പിക്കാറുള്ളത്. നിരത്തുകളില്‍ ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ മുതല്‍ ട്രാക്കില്‍ വെടിയുണ്ട പോലെ പായുന്ന പെര്‍ഫോമെന്‍സ് വാഹനള്‍ വരെ ഔഡി എന്ന ഈ ജര്‍മന്‍ വാഹന നിര്‍മാതാക്കളില്‍ നിന്ന് വിപണിയില്‍ എത്തുന്നുണ്ട്. പെര്‍ഫോമെന്‍സ് വാഹനങ്ങള്‍ക്ക് മാത്രമായി ഔഡി ഒരുക്കിയിട്ടുള്ള ആര്‍.എസ്. (റേസിങ് സ്‌പോര്‍ട്‌സ്) മേല്‍വിലാസത്തില്‍ ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള വാഹനമാണ് ഔഡി ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സ്. ഒരു വേരിയന്റില്‍ മാത്രം ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 2.49 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
ഔഡിയുടെ റേസിങ് പാരമ്പര്യം സിരകളില്‍ വഹിക്കുന്ന വാഹനം തന്നെയാണ് ക്യൂ8 ആര്‍.എസ്. എന്ന എസ്.യു.വി. ഔഡിയുടെ പരമ്പരാഗത പെര്‍ഫോമെന്‍സ് വാഹനങ്ങളുടെ ഐഡന്റിറ്റിയായ ക്വാഡ്രോ സംവിധാനമാണ് ക്യു8 ആര്‍.എസിലും നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം വി8 എന്‍ജിന്‍ കരുത്ത് കൂടി ചേരുന്നതോടെ ഔഡിയുടെ വാഹന നിരയിലെ ഏറ്റവും പവര്‍ഫുള്‍ എസ്.യു.വി. എന്ന ഖ്യാതിയും ക്യു8 ആര്‍.എസ്. എന്ന മോഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഡിസൈന്‍
ഒരു പെര്‍ഫോമെന്‍സ് എസ്.യു.വിയില്‍ പ്രതീക്ഷിക്കുന്ന എല്ലാ തലയെടുപ്പുമുള്ള വാഹനമാണ് ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സ്. റെഗുലര്‍ ക്യു8-ന്റെ രൂപത്തിലാണ് സിലുവേറ്റ് എങ്കിലും പെര്‍ഫോമെന്‍സ് പതിപ്പിന് മാത്രമായി ചില സവിശേഷകള്‍ ഔഡി കരുതിയിട്ടുണ്ട്. മാട്രിക്‌സ് എല്‍.ഇ.ഡി. ലൈറ്റിനൊപ്പം പിക്‌സല്‍ ടെക്‌നോളജിയും ചേര്‍ന്ന ഹെഡ്‌ലാമ്പ് യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങില്‍ സിംഗിള്‍ ഫ്രെയിം ഗ്രില്‍, ടൂ ഡി ലോഗോ, 23 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള താരതമ്യേന വലിപ്പമുള്ള ടയറുകള്‍, പുതുമയുള്ള ഡിസൈനിലും ഭാരം കുറഞ്ഞ മെറ്റീരിയലിലും തീര്‍ത്തിരിക്കുന്ന അലോയി വീല്‍ എന്നിവയാണ് ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സില്‍ മാത്രമായി ഒരുങ്ങിയിട്ടുള്ളത്.
ഫ്രെയിംലെസ് വിന്‍ഡോ, ബ്ലാക്ക് ഫിനീഷിങ്ങ് ബി പില്ലര്‍ എന്നിവ വശങ്ങളില്‍ നിന്ന് ഈ വാഹനത്തിന് വേറിട്ട ഭാവം ഒരുക്കുന്നുണ്ട്. വലിപ്പമേറിയ ബ്രേക്ക് ഡിസ്‌ക്, ചുവപ്പ് നിറത്തില്‍ നല്‍കിയിട്ടുള്ള കാലിപ്പറുകള്‍ എന്നിവ സ്‌പോര്‍ട്ടി ഭാവം വര്‍ധിപ്പിക്കുന്നു. പ്രകടമായ മാറ്റമാണ് ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സിന്റെ പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന ഒ.എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, സി-ഷേപ്പ് എയര്‍ ഔട്ട്‌ലെറ്റ്, ആര്‍.എസ്. റൂഫ് എഡ്ജ് സ്‌പോയിലര്‍, ആര്‍.എസ്. ട്വിന്‍ എക്‌സ്‌ഹോസ്റ്റ് എന്നിവ പിന്‍ഭാഗന്നെ വേറിട്ടതാക്കുന്നത്.
ഇന്റീരിയര്‍
ആദ്യ കാഴ്ചയില്‍ തന്നെ പെര്‍ഫോമെന്‍സ് വാഹനത്തിന്റെ എല്ലാ ഭാവങ്ങളും ഒത്തിണങ്ങിയ ഇന്റീരിയറാണ് ആര്‍.എസ്.ക്യു8 പെര്‍ഫോമെന്‍സിലേത്. അല്‍ക്കന്റാര മെറ്റീരിയലില്‍ തീര്‍ത്തിരിക്കുന്ന റൗണ്ട് ഷേപ്പ് സ്റ്റിയറിങ് വീല്‍, ഔഡി വെര്‍ച്വല്‍ കോക്പിറ്റ് ഇന്റീരിയറിന്റെ ഭാഗമായി നല്‍കിയിട്ടുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ആര്‍.എസ്. സ്‌പോര്‍ട്ടി ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളാണ് ഔഡി ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സ് എസ്.യു.വിയിലുള്ളത്.
മെമ്മറി ഫങ്ഷനൊപ്പം വെന്റിലേഷന്‍, മസാജിങ് സംവിധാനങ്ങളോടെയാണ് സീറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. വോള്‍ക്കാന ലെതറില്‍ ഹണി കോംബ് പാറ്റേണ്‍ നല്‍കിയാണ് അപ്‌ഹോള്‍ട്രി ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഔഡിയുടെ വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനവും ആര്‍.എസ്. ലേഔട്ടും ചേര്‍ന്ന് ഒന്നാം നിരയ്ക്ക് ഒരു ന്യൂജനറേഷന്‍ ഭാവം നല്‍കുന്നുണ്ട്. 17 സ്പീക്കറുകള്‍ നല്‍കിയിട്ടുള്ള ത്രീ ഡി പ്രീമിയം സൗണ്ട് സിസ്റ്റമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 30 വ്യത്യസ്ത നിറങ്ങള്‍ അലങ്കരിക്കുന്ന ആംബിയന്റ് ലൈറ്റിങ്ങും അകത്തളത്തിന് മാറ്റേകും.
എന്‍ജിന്‍
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഈ എന്‍ജിന്‍ 640 എച്ച്.പി. പവറും 850 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 305 കിലോമീറ്ററാണ്. ആഡംബര പെര്‍ഫോമെന്‍സ് വാഹനങ്ങളിലെ അതികായനായ ലംബോര്‍ഗിനി ഉറുസിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളതെന്നതാണ് മറ്റൊരു പ്രത്യേകത.
Content Highlights: Experience the Audi RS Q8- a luxury performance SUV with a 640hp V8 engine-stunning design
Published: 19 Feb 2025, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented