
ഇന്ത്യയിലെ ആഡംബര വാഹനപ്രേമികള്‍ക്ക് ഏറെ നാളത്തെ കാത്തിരിപ്പ് സമ്മാനിച്ച ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ഔഡിയുടെ കൂപ്പെ എസ്യുവി മോഡലായ Q8-ന്റെ പെര്‍ഫോമെന്‍സ് പതിപ്പ് അവതരിപ്പിച്ചു. ഔഡി ആര്‍എസ് Q8 എന്ന് പേര് നല്‍കിയിരിക്കുന്ന ഈ കരുത്തന് എസ്യുവിക്ക് 2.07 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
കിടിലന്‍ ലുക്കും സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമായ വേഗതയും സമ്മാനിക്കുന്ന വാഹനമായിരിക്കും ഔഡി ആര്‍എസ് Q8 എന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന ഉറപ്പ്. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ ആഡംബര പെര്‍ഫോമെന്‍സ് കാര്‍ ഈ നിരത്തുകളിലെത്തിക്കുന്നതെന്നും ഔഡി അറിയിച്ചു.
4.0 ലിറ്റര്‍ ടിഎഫ്എസ്ഐ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഇത് 592 ബിഎച്ച്പി പവറും 800 എന്‍എം ടോര്‍ക്കുമേകും. ഓള്‍വീല്‍ ഡ്രൈവ് ക്വാട്രോ സിസ്റ്റത്തിനൊപ്പം എട്ട് സ്പീഡ് ടിപ്ട്രോണിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.8 സെക്കന്റ് മാത്രമാണ് ഈ വാഹനത്തിന് വേണ്ടത്. 305 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. ഇതിനൊപ്പം പവര്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉയര്‍ത്തുന്നതിനുമായി ഇതില്‍ സിലിണ്ടര്‍ ഓണ്‍ ഡിമാന്റ് ഫീച്ചറും നല്‍കുന്നുണ്ട്. ആവശ്യമില്ലെന്ന് തോന്നിയാല്‍ സിലിണ്ടര്‍ ഓഫ് ചെയ്യാനാണ് ഈ സംവിധാനം.
രൂപത്തില്‍ റെഗുലര്‍ Q8-ന് സമാനമാണെങ്കിലും സ്പോര്‍ട്ടി ഭാവം നല്‍കുന്നതിനുള്ള ഫീച്ചറുകള്‍ ഈ വാഹനത്തിന്റെ എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുണ്ട്. സിംഗിള്‍ ഫ്രെയിം ഹണി കോംമ്പ് ഗ്രില്ല്, എല്‍ഇഡി ഹെഡ്ലൈറ്റ്, വലിയ എയര്‍ ഇന്‍-ടേക്ക്, ഇന്റഗ്രേറ്റഡ് ഡിഫ്യൂസര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, ആര്‍എസ് സ്പോയിര് തുടങ്ങിയവ ഈ വാഹനത്തിന്റെ സ്പോര്‍ട്ടി ഭാവത്തിന് മുതല്‍കൂട്ടാണ്.
പെര്‍ഫോമെന്‍സ് വാഹനത്തിന്റെ ഭാവങ്ങള്‍ അകത്തളത്തിലുമുണ്ട്. ലെതര്‍ സ്പോര്‍ട്ട് സീറ്റുകള്‍, ലെതര്‍ ആവരണമുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, വെര്‍ച്വല്‍ കോക്പിറ്റ്, ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവ ഈ വാഹനത്തിലുണ്ട്. ഇതിനുപുറമെ, ഉപയോക്താക്കളുടെ ആവശ്യത്തിന് അനസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
Content Highlights: Audi RS Q8 Coupe SUV Launched In India
Published: 27 Aug 2020, 04:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented