ഇന്ത്യയിലെ ആഡംബര എസ്‌യുവികളിലെ കിരീടം വയ്ക്കാത്ത രാജാവായി വിലസുന്ന വാഹനമാണ് ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍ എന്ന മോഡല്‍. ഈ വാഹനം പതാകവാഹകനാകുന്ന ഡിഫന്‍ഡര്‍ ജേര്‍ണിയുടെ 2026 എഡിഷന്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് ലാന്‍ഡ് റോവര്‍. ഇതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോളം 2026 ജനുവരിയില്‍ ആരംഭിക്കുന്ന നാലാമത് ഡിഫന്‍ഡര്‍ ജേര്‍ണിയുടെ റിസര്‍വേഷന്‍ ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.

To advertise here,

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായതും വെല്ലുവിളികള്‍ നിറഞ്ഞതുമായ റൂട്ടുകളിലൂടെയായിരിക്കും ഇത്തവണത്തെ ഡിഫന്‍ഡര്‍ യാത്ര നടത്തുന്നത്. ഇതിനൊപ്പം ഏതാനും ക്യൂറേറ്റഡ് റൂട്ടുകളിലൂടെയും ഡ്രൈവിങ് സാധ്യമാക്കും. ഡിഫന്‍ഡര്‍ എസ്‌യുവി സ്വന്തമായി ഇല്ലാത്ത വാഹന പ്രേമികള്‍ക്കും ഈ യാത്രയുടെ ഭാഗമാകാന്‍ സാധിക്കും. സംഘാടകര്‍ തന്നെ വാഹനം നല്‍കുമെന്നാണ് ലാന്‍ഡ് റോവര്‍ അറിയിച്ചിരിക്കുന്നത്.

5.5 ലക്ഷം രൂപയാണ് ഡിഫന്‍ഡര്‍ യാത്രയുടെ പാക്കേജിന്റെ നിരക്ക്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ ഉള്‍പ്പെടെയാണ് ഈ തുക. ഡിഫന്‍ഡര്‍ 110 പതിപ്പായിരിക്കും ഈ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുക. രാജ്യത്തുടനീളമുള്ള 23 റൂട്ടുകളിലൂടെയാണ് യാത്ര. ഡിഫന്‍ഡര്‍ എന്ന വാഹനത്തിന്റെ ഓഫ് റോഡ് ശേഷികള്‍ തിരിച്ചറിയുന്നതിനൊപ്പം രാജ്യത്തിന്റെ സംസ്‌കാരങ്ങളെയും അറിഞ്ഞുള്ള യാത്രയായാണ് ഡിഫന്‍ഡര്‍ ജേര്‍ണി ഒരുക്കിയിട്ടുള്ളത്.

2026 എഡിഷന്‍ ഡിഫന്‍ഡര്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന 23 റൂട്ടുകളില്‍ കച്ച്, സന്‍സ്‌കാര്‍ വാലി, ഉംലിങ് ലാ പാസ്, ലഡാക്, സ്പിതി വാലി, സിലിഗുരി കോറിഡോര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്ക് എത്തുന്ന ഓരോ ഗ്രൂപ്പിനൊപ്പവും പരിശീലനം നേടിയിട്ടുള്ള ഒരാളെ നിയോഗിക്കും. റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലും വാഹനങ്ങളുടെ പരിപാലനത്തിലും യാത്രയിലെ മറ്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇവരുടെ സഹായം ഉപയോഗപ്പെടുത്താം.

ഡിഫന്‍ഡര്‍ ബ്രാന്റ് ഡിഎന്‍എയുടെ ഏറ്റവും മികച്ച ആവിഷ്‌കാരമാണ് ഡിഫന്‍ഡര്‍ ജേര്‍ണി. ഏത് പ്രതലത്തിലൂടെയും യാത്രയ്ക്ക് സഹായിക്കുന്നതും എന്തും ചെയ്യാന്‍ കഴിയുന്നതുമായി വാഹനമാണ് ഡിഫന്‍ഡര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ദുര്‍ഘടമായ മേഖലകളിലൂടെയുള്ള യാത്ര ഒരുക്കുന്നതിലൂടെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വാഹനത്തിന്റെ മുഴുവന്‍ കഴിവുകളും ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഡിഫന്‍ഡര്‍ മാനേജിങ് ഡയറക്ടര്‍ മാര്‍ക്ക് കാമറോണ്‍ പറയുന്നു.