ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്‌, ഓഗസ്റ്റ് എട്ടാം തീയതിയാണ് ഇന്ത്യയുടെ ക്രിക്കറ്റ് താരവും അടുത്തിടെ അവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് അഭിമാനാര്‍ഹമായ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത ആകാശ് ദീപ്, തന്റെ സ്വപ്‌ന വാഹനമായ ടൊയോട്ട ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയത്. സ്വപ്‌നം യാഥാര്‍ഥ്യമായി ഇഷ്ടവാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചു എന്ന കുറിപ്പോടെ അദ്ദേഹം ഈ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ക്കിപ്പുറം നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ് ഈ താരം. 

To advertise here,

ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് (എച്ച്എസ്ആര്‍പി) ഘടിപ്പിക്കാതെ വാഹനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ആകാശ് ദീപിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതല്‍ പുതുതായി നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയുകയെന്ന ഉദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് എച്ച്എസ്ആര്‍പി നിര്‍ബന്ധമാക്കിയത്. 

ആകാശ് ദീപിന് പുറമെ, അദ്ദേഹത്തിന് വാഹനം നല്‍കിയ ഡീലര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്‌നൗവിലുള്ള സണ്ണി മോട്ടോഴ്‌സില്‍ നിന്നാണ് അദ്ദേഹം ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയത്. എന്നാല്‍, രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാതെയും വാഹനത്തില്‍ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റ് നല്‍കാതെയുമാണ് വാഹനം ഉപയോക്താവിന്‌ നല്‍കിയതെന്നാണ് ഡീലര്‍ഷിപ് അധികൃതര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ടൊയോട്ടയുടെ പ്രീമിയം എസ്യുവി വാഹനമായ ഫോര്‍ച്യൂണറാണ് ആകാശ് സ്വന്തമാക്കിയിരിക്കുന്നത്. എന്‍ജിന്റെയും ട്രാന്‍സ്മിഷന്റെയും അടിസ്ഥാനത്തില്‍ ഒമ്പത് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 36.20 ലക്ഷം രൂപ മുതല്‍ 52.34 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അഗ്രസീവായ ഭാവങ്ങളുള്ള വാഹനമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. മുന്‍ഭാഗം നിറയുന്ന ഗ്രില്ലും നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പും ഫോഗ്‌ലാമ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പറുമാണ് അഗ്രസീവ് ലുക്കിന് കാരണം. 

ഫീച്ചര്‍ സമ്പന്നമാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ആംബിയന്റ് ലൈറ്റിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ തുടങ്ങി നിരവധി സംവിധാനങ്ങളോടെയാണ് ഫോര്‍ച്യൂണറിന്റെ അകത്തളവും ഒരുങ്ങിയിരിക്കുന്നത്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഫോര്‍ച്യൂണര്‍ നിരത്തുകളില്‍ എത്തുന്നുണ്ട്. പെട്രോള്‍ മോഡലില്‍ 164 ബി.എച്ച്.പി. പവറും 245 എന്‍.എം. ടോര്‍ക്കുമേകുന്ന 2.7 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകളാണ് ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തുന്നുണ്ട്. 201 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഇതിന്റെ കരുത്ത്. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.