ഹൈഡ്രജന്‍ ഇന്ധനമായ വാഹനങ്ങളുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതിനല്‍കി. ഹ്രൈഡജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളുടെ നിര്‍മാണത്തിനുള്ള കരട് രൂപരേഖയാണ് കേന്ദ്ര ഉപരിതലമന്ത്രാലയം ഇറക്കിയത്. ജൂലായ് അവസാനത്തോടെ അന്തിമ ഉത്തരവിറങ്ങും.

To advertise here,

ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാലും അഞ്ചും മണിക്കൂര്‍ വേണ്ടിവരുന്നതാണ് വൈദ്യുതിവാഹനങ്ങളുടെ പ്രധാന പോരായ്മ. ഹൈഡ്രജന്‍ ഫ്യൂവല്‍സെല്‍ വാഹനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലേതുപോലെ മിനിറ്റുകള്‍ക്കുള്ളില്‍ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയും. പെട്രോള്‍ ബങ്കുകളുടെ മാതൃകയില്‍ ഹൈഡ്രജന്‍ റീ ഫില്ലിങ് സെന്ററുകള്‍ സജ്ജീകരിക്കാം. 

വൈദ്യുതിവാഹനങ്ങളെക്കാള്‍ ഇന്ധനക്ഷമത കൂടുതലാണ്. പരിസ്ഥിതിമലനീകരണം ഉണ്ടാവില്ല. ചെലവ് കൂടുതലാണെന്നതാണ് പോരായ്മ. എന്നാല്‍, സാങ്കേതികവിദ്യ വികസിക്കുന്നതനുസരിച്ച് ചെലവ് കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ മേഖലയില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.

ഇലക്‌ട്രോ കെമിക്കല്‍ എന്‍ജിനുകളാണ് ഹൈഡ്രജന്‍ ഫ്യൂവല്‍സെല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ഓക്‌സിജനുമായി ചേര്‍ത്ത് ഹൈഡ്രജനെ ഇലക്‌ട്രോ കെമിക്കല്‍ സെല്ലിലേക്ക് കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും ചേരുമ്പോള്‍ ഉണ്ടാകുന്ന ഇലക്‌ട്രോണ്‍ പ്രവാഹമാണ് വൈദ്യുതിയായിമാറുന്നത്. 

വാഹനങ്ങളെ ചലിപ്പിക്കുന്ന മോട്ടോറിന് ഇവിടെനിന്നാണ് ഊര്‍ജം ലഭിക്കുന്നത്. വാഹനത്തില്‍ പിടിപ്പിച്ച ബാറ്ററികളില്‍നിന്ന് ഊര്‍ജമെടുത്താണ് ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നത്. വാഹനത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റംവരുത്താതെതന്നെ ഹൈഡ്രജന്‍ ടാങ്ക് ഘടിപ്പിക്കാനാകും.

ശ്രീചിത്രയ്ക്ക് അനുമതി

ഹൈഡ്രജന്‍ ഫ്യൂവല്‍സെല്‍ വാഹനങ്ങളുടെ ഉപയോഗക്ഷമതയെക്കുറിച്ചും സാങ്കേതികതയെക്കുറിച്ചും പഠിക്കാന്‍ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിന് കേന്ദ്രാനുമതി ലഭിച്ചു. 

കേരളമാണ് ആദ്യ പ്രോജക്ട് അവതരിപ്പിച്ചത്. ഹൈഡ്രജന്‍, ഫ്യൂവല്‍സെല്‍ എന്നിവയുടെ നിര്‍മാണച്ചെലവ് കുറയ്ക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ. പ്രഭാകരന്‍നായര്‍ പറഞ്ഞു.

Content Highlights: Central Government Approval For Hydrogen Fuel cell Vehicles