സെലിബ്രിറ്റികളുടെ ഇഷ്ടവാഹനങ്ങളുടെ പട്ടികയിലെ പ്രധാന പേരാണ് ലാന്‍ഡ് റോവര്‍. അത് ഇങ്ങ് മലയാളത്തിലായാലും അങ്ങ് ബോളിവുഡിലായാലും ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ക്ക് ഒരു സെലിബ്രിറ്റ് സ്റ്റാറ്റസുണ്ട്. ഇത് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ ഗ്യാരേജിലും പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്.യു.വി എത്തിയിരിക്കുകയാണ്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ബേസ് മോഡലാണ് രണ്‍ബീര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

To advertise here,

റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നാണ് ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ബേസ് പതിപ്പ്. നാല് കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 14-ാം തീയതി മുംബൈ വെസ്റ്റ് ആര്‍.ടി.ഓഫീസിലാണ് അദ്ദേഹത്തിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 2.39 കോടി രൂപ മുതല്‍ 4.17 കോടി രൂപ വരെയാണ് പുതുതലമുറ റേഞ്ച് റോവര്‍ എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. 

തലയെടുപ്പുള്ള എസ്.യു.വി. എന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമാണ് റേഞ്ച് റോവര്‍ എസ്.യു.വികള്‍. പുതിയ ഓട്ടോബയോഗ്രഫിയിലും ഇത് തെളിയിക്കുന്നുണ്ട്. ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്. 

ആഡംബര സംവിധാനങ്ങളാണ് അകത്തളത്തെ മികച്ചതാക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്‌റൂം തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്. 35 സ്പീക്കറുകളുള്ള സൗണ്ടി സിസ്റ്റത്തിനൊപ്പ് നോയിസ് ക്യാന്‍സലേഷന്‍ സംവിധാനമാണ് ഇതിലെ ഹൈലൈറ്റ്. 

3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന റേഞ്ച് റോവര്‍ വാഹനമാണ് രണ്‍ബീര്‍ കപൂര്‍. ഇതിലെ എന്‍ജിന്‍ 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം 4x4 സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിന് പുറമെ, 3.0 ലിറ്റര്‍ പെട്രോള്‍, 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലും ഈ വാഹനം വിപണിയില്‍ എത്തുന്നുണ്ട്.