ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള വാഹനമാണ് ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ എസ്യുവികള്, സിനിമ അഭിനേതാക്കള്‍, സ്പോര്‍ട്സ് താരങ്ങള്‍ എന്നിവരെല്ലാം റേഞ്ച് റോവറിന്റെ കരുത്തിന്റെയും സുരക്ഷയുടെയും ആരാധകരാണ്. ഇത്തരത്തിലുള്ള റേഞ്ച് റോവര്‍ ഉടമകളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരവും രാജസ്ഥാന് റോയല്‍സ് ഐപിഎല്‍ ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണ്.
റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി പതിപ്പാണ് സഞ്ജു സ്വന്തമാക്കിയതെന്നാണ് സൂചന. സാന്റോറിനി ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ പതിപ്പിന് മൂന്ന് കോടി രൂപയോളം വില വരുമെന്നാണ് വിലയിരുത്തല്‍. പെട്രോള്‍-ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ ഏത് മോഡലാണ് സഞ്ജു തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ക്രിക്കറ്റ് താരങ്ങളായ എം.എസ്.ധോണി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ. സച്ചിന് തെണ്ടുല്‍ക്കര്‍ തുടങ്ങിയ താരങ്ങളുടെ ഗ്യാരേജിലും റേഞ്ച് റോവര്‍ എസ്യുവിയുണ്ട്.
കാഴ്ചയിലുള്ള തലയെടുപ്പാണ് റേഞ്ച് റോവര്‍ എസ്യുവികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഓരോ മുഖംമിനുക്കലിലും എതിരാളികളെ തറപറ്റിക്കാന്‍ പോകുന്ന മാറ്റങ്ങളുമായി എത്തുന്ന ഈ വാഹനത്തില്‍ ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍ഇഡി. ഹെഡ്ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍ഇഡി ടെയ്ല്‍ലാമ്പ് തുടങ്ങിയവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.
ഒരേസമയം ആഡംബരവും അഴകും ചേര്‍ന്നതാണ് റേഞ്ച് റോവറിന്റെ അകത്തളം. യാത്രക്കാരനെ കംഫര്‍ട്ടബിളാക്കുന്ന സൗകര്യങ്ങളാണ് ഇതിലുള്ളത്. 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്ടെയ്ന്മെന്റ് സ്ക്രീനുകള്‍, ഉയര്‍ന്ന ലെഗ്റൂം തുടങ്ങിയ ഫീച്ചറുകള്‍ റേഞ്ച് റോവറില്‍ ഒരുങ്ങുന്നുണ്ട്.
3.0 ലിറ്റര്‍ ഡീസല്‍-പെട്രോള്‍, 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നത്. ഇതില്‍ 3.0 ലിറ്റര്‍ ഡീസല്‍ എന്ജിന് 346 ബിഎച്ച്പി പവറും 700 എന്‍എം. ടോര്‍ക്കുമേകും. 394 ബിഎച്ച്പി കരുത്തും 550 എന്‍.എം ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്റെ പവര്‍. 4.4 ലിറ്റര്‍ വി8 പെട്രോള്‍ എന്ജിന് 523 ബിഎച്ച്പി പവറും 750 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ മോഡലുകളില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Indian cricketer Sanju Samson adds a Range Rover Autobiography to his car collection
Published: 13 Sept 2025, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented