ഡംബര വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണായാണ് ഇന്ത്യയുടെ വാഹന വിപണിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ വാഹന നിര്‍മാതാക്കളെല്ലാം അവരുടെ അത്യാഡംബര മോഡലുകളെല്ലാം ഇന്ത്യയിലെത്തിക്കുന്നുമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ബ്രിട്ടീഷ് അത്യാഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിച്ച സൂപ്പര്‍ ടൂറര്‍ മോഡലായ ഡി.ബി.12 എന്ന മോഡല്‍. 

To advertise here,

ഡി.ബി.11 എന്ന മോഡലിന്റെ പിന്മുറക്കാരനായി എത്തിയിട്ടുള്ള ഈ വാഹനത്തിന് 4.59 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. കൂടുതല്‍ കരുത്തുറ്റ എന്‍ജിന്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ലുക്കിലും ഫീച്ചറുകളിലും ഡി.ബി.11-ന്റെ പിന്മുറക്കാരന്‍ തന്നെയാണ് ഡി.ബി.12. ആസ്റ്റണ്‍ മാര്‍ട്ടിന്‍ മോഡലുകള്‍ക്ക് ആഡംബര ഭാവം ഒരുക്കുന്നത് അതിലെ ഗ്രില്ലാണ്. ഈ സിഗ്നേച്ചര്‍ ഗ്രില്ല് തന്നെയാണ് ഈ വാഹനത്തിനും നല്‍കിയിട്ടുള്ളത്. ത്രീ പീസ് എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍ എന്നിവയാണ് മുഖഭാവത്തിലെ പുതുമ. 

21 ഇഞ്ച് വലിപ്പമുള്ള സ്റ്റൈലിഷായുള്ള അലോയി വീലാണ് ഈ വാഹനത്തെ റോഡിനോട് ചേര്‍ക്കുന്നത്. സ്‌പോര്‍ട്‌സ് കാറിനിണങ്ങുന്ന പിന്‍വശമാണ് ഡി.ബി.12-ല്‍ നല്‍കിയിരിക്കുന്നത്. ബോഡിയിലും ഹാച്ച്‌ഡോറിലുമായി നല്‍കിയിട്ടുള്ള സി ഷേപ്പ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലോഗോയും ബാഡ്ജിങ്ങും, ഫ്‌ളോട്ട് ചെയ്യുന്ന റൂഫ് ലൈന്‍, റിയര്‍ ബമ്പറിന്റെ രണ്ട് വശങ്ങളിലുമായി നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ പിന്‍ഭാഗം അലങ്കരിക്കുന്നത്. 

അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇരട്ട നിറങ്ങളിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ലെതര്‍ ആവരണത്തിലാണ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ തീര്‍ത്തിരിക്കുന്നത്. സ്റ്റിയറിങ്ങ് വീല്‍ ഉള്‍പ്പെടെയുള്ളവയും ലെതറില്‍ പൊതുഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.25 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഹൈലൈറ്റ്. നിരവധി ബട്ടണുകള്‍ക്കൊപ്പം കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

പെര്‍ഫോമെന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കി എത്തിയിട്ടുള്ള ഈ സ്‌പോര്‍ട്‌സ് കാറില്‍ 4.0 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 670 ബി.എച്ച്.പി. പവറും 800 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. റിയര്‍ വീല്‍ ഡ്രൈവ് മോഡലായ ഡി.ബി.12-ല്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 3.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണുക്കൂറില്‍ 325 കിലോമീറ്ററാണ് പരമാവധി വേഗത.