പുത്തൻ ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടനും നിർമാതാവുമായ വിജയ് ബാബു. പുതിയ അതിഥി ​ഗ്യാരേജിലെത്തിയ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. 'കുടുംബത്തിലേക്ക് സ്വാ​ഗതം മിസ്റ്റർ ഹൈക്രോസ്, നമുക്ക് ഒരുമിച്ച് ഒരുപാട് ഉയരങ്ങളിലേക്ക് നീങ്ങാം' എന്ന കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.  

To advertise here,

ചലച്ചിത്ര താരങ്ങളായ വിജയരാഘവൻ, മമ്ത മോഹൻദാസ് എന്നിവർ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹൈക്രോസ് സ്വന്തമാക്കിയിരുന്നു. ഹൈക്രോസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായ എക്‌സ്‌ക്ലുസീവായിരുന്നു വിജയരാഘവന്‍ വാങ്ങിയത്. ഈ പ്രത്യേക പതിപ്പ് സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഉടമകൂടിയായിരുന്നു അദ്ദേഹം. അതേസമയം,ഹൈക്രോസിന്റെ ഏത് വേരിയന്റാണ് മമ്ത വാങ്ങിയതെന്ന് വ്യക്തമല്ല. 

ടൊയോട്ട ഇന്നോവ ഹൈക്രോസ്

2022-ലാണ് ടൊയോട്ട ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പവർട്രെയിനുകളിലാണ് വാഹനം ലഭ്യമാകുന്നത്. 19.94 ലക്ഷം രൂപ മുതൽ 32.58 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ക്രിസ്റ്റയുമായി താരതമ്യം ചെയ്യുമ്പോൾ, ഹൈക്രോസിന് കുറച്ചുകൂടി എസ്‌യുവി രൂപമാണുള്ളത്. എന്നാൽ  ക്രിസ്റ്റയുടേതിന് സമാനമായ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. അതേസമയം, ഇതിന് നീളവും വീതിയും കൂടുതലാണ്. കൂടുതൽ നീളമുള്ള വീൽബേസുമുണ്ട്. ആറ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാം. 

ക്രിസ്റ്റയിൽനിന്ന് വ്യത്യസ്തമാണ് ഹൈക്രോസിന്റെ ഇന്റീരിയർ. ഇതിന് മൾട്ടി-ലെയേർഡ് ഡാഷ്ബോർഡ്, 10.1 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ദീർഘചതുരാകൃതിയിലുള്ള എസി വെൻ്റുകൾ, ഡാഷ്ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ തുടങ്ങിയവയാണുള്ളത്. ഉയർന്ന വേരിയൻ്റുകളിൽ പാഡിൽ ഷിഫ്റ്ററുകൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള മെമ്മറി ഫങ്ഷൻ, ആംബിയൻ്റ് ലൈറ്റിങ്, പവേർഡ് ടെയിൽഗേറ്റ് എന്നിവയുമുണ്ട്.

ഏഴ്, എട്ട് എന്നിങ്ങനെ രണ്ട് സീറ്റിങ് കോൺഫിഗറേഷനുകൾ ലഭ്യമാണ്. ഏഴ് സീറ്റുകളുള്ള പതിപ്പിൽ മധ്യ നിരയിൽ സുഖസൗകര്യങ്ങളുള്ള, സെഗ്‌മെൻ്റിലെ ആദ്യ ഓട്ടോമൻ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും. എട്ട് സീറ്റുകളുള്ള പതിപ്പിൽ മധ്യനിരയിൽ ബെഞ്ച് സീറ്റാണുള്ളത്. ടൊയോട്ടയുടെ ടിഎൻജിഎ-സി മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് ഹൈക്രോസ് നിർമിച്ചിരിക്കുന്നത്. 

സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ ഉയർന്ന വേരിയൻ്റുകളായ VX, ZX, ZX (O) എന്നിവയിൽ മാത്രമേ ലഭ്യമാകൂ. 2.0 ലിറ്റർ, നാല് സിലിണ്ടർ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൈബ്രിഡിന് 184 എച്ച്പി പവറാണുള്ളത്. സാധാരണ പെട്രോൾ എൻജിൻ 172 എച്ച്പി കരുത്ത് ഉത്പാ​ദിപ്പിക്കുന്നു. സിവിടി ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. മാനുവൽ ഗിയർബോക്സ് ലഭ്യമല്ല.