അർജുൻ അശോകൻ മിനി കൂപ്പറിന്റെ താക്കോൽ സ്വീകരിക്കുന്നു | Photo: Instagram/dq_cars_369
മലയാള സിനിമ താരങ്ങളുടെ ഇഷ്ടവാഹനമായി മാറിയിരിക്കുകയാണ് മിനി കൂപ്പര്‍. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ നിരവധി താരങ്ങളുടെ ഗ്യാരേജില്‍ ഈ വാഹനം സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മിനി കൂപ്പര്‍ ഉടമകളുടെ ക്ലബ്ബിലേക്ക് ഏറ്റവും ഒടുവില്‍ യുവനടന്മാരില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകനും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹവും മിനി കൂപ്പര്‍ സ്വന്തമാക്കിയത്.
മിനി കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ അശോകന് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുവാഹന വിഭാഗമായ മിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ജെ.സി.ഡബ്ല്യു എഡിഷന്‍ മിനി കൂപ്പറിന് 45.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന.
മിനി കൂപ്പറിന്റെ മറ്റ് മോഡലുകളെ പോലെ സ്പോര്‍ട്ടി ഭാവം നല്‍കിയാണ് ജെ.സി.ഡബ്ല്യു. എഡിഷനും എത്തിയിട്ടുള്ളത്. ക്രോമിയം ഇന്‍സേര്‍ട്ടിന്റെ ആവരണത്തില്‍ നല്‍കിയിട്ടുള്ള ഹെക്സഗണ്‍ ആകൃതിയിലുള്ള റേഡിയേറ്റര്‍ ഗ്രില്‍, വലിയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററില്‍ നല്‍കിയിരിക്കുന്ന പ്രോജക്ഷന്‍ ഹെഡ്‌ലാമ്പും വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ജെ.സി.ഡബ്ല്യു.ബാഡ്ജിങ്ങുമാണ് ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നത്.
ബ്ലാക്ക് നിറത്തിലുള്ള ലെതറില്‍ തീര്‍ത്ത സ്‌പോര്‍ട്‌സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. സ്‌പോര്‍ട്ടിയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതുമായ സ്റ്റിയറിങ് വീല്‍, പാഡില്‍ ഷിഫ്റ്റ്, സ്റ്റീല്‍ പെഡല്‍, ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് ബാഡ്ജിങ്ങുള്ള ഡോര്‍ സില്‍ എന്നിവയാണ് ഇന്റീരിയന്റെ സൗന്ദര്യം. ഉയര്‍ന്ന ലെഗ്‌റൂം, ഹെഡ്‌റൂം, വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോളും എല്‍ഇഡി ലൈറ്റും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മിനി കൂപ്പറിന്റെ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജെ.സി.ഡബ്ല്യു. എഡിഷനും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 231 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. കേവലം 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: Actor Arjun Ashokan buys Mini Cooper S JCW, Mini Cooper, Arjun Ashokan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..