കെടിഎം എന്ന സൂപ്പർ ബൈക്കുകൾക്ക് ജന്മം നൽകിയ നാടാണ് ഓസ്ട്രിയ. എന്നാൽ, ഈ രാജ്യത്തിന്റെ തലസ്ഥാന നഗരമായ വിയന്നയിൽ ഇനി മുതൽ ബൈക്കുകളുടെ ഇരമ്പലുണ്ടാവില്ല. വിയന്ന സിറ്റി സെന്ററിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങുകയാണ്. ഇലക്ട്രിക് ബൈക്കുകൾ മുതൽ സൂപ്പർ ബൈക്കുകൾക്ക് വരെ ഈ വിലക്ക് ബാധകമാകും.

To advertise here,

ഓസ്ട്രിയയിലെ തന്നെ മറ്റൊരു നഗരമായ ടിറോളിൽ മുമ്പുതന്നെ ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മോട്ടോർ സൈക്കിൾ റേസുകൾക്ക് ഉതകുന്ന യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച റോഡുകളാണ് ടിറോളിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇവിടെ സ്പോർട്സ് കാറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. വിയന്നയിൽ സ്പോർട്സ് കാറുകൾക്കും വിലക്കേർപ്പെടുത്തും.

വിയന്നയിലെ പ്രാദേശിക ഭരണകൂടം കാർ ഫ്രീ സിറ്റി സെന്റർ എന്ന ആശയം ഉയർത്തിയിരുന്നു. എന്നാൽ, ഇത് പരിസ്ഥിതി സൗഹാർദമായ വാഹനങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിപ്പുമായി എത്തുകയായിരുന്നു. യൂറോപ്പില്‍ കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിറ്റി സെന്ററിൽ വാഹനങ്ങൾ വിലക്കുന്നത് ഉചിതമല്ലെന്നാണ് എതിർചേരിയിലുള്ളവരുടെ വാദം.

നഗരത്തിലെ റിങ്ങ് റോഡുകളിൽ ഈ വിലക്ക് ബാധകമല്ല. ഇവിടെ കാറുകളും വാനുകളും പോലെ തന്നെ ബൈക്കുകളും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബൈക്ക് വിലക്കിയതിനൊപ്പം സിറ്റി സെന്ററിൽ പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തമായി ഗ്യാരേജ് ഉള്ളവർക്കും പാർക്കിങ്ങ് പെർമിറ്റ് ഉള്ളവർക്കും ഇവിടെ വാഹനങ്ങൾ നിർത്തിയിടാൻ അനുമതി നൽകുന്നുണ്ട്.

Source:Visordown

Content HighlightsVienna Planning To Ban Motorcycle In City Center