പുതിയ ഹിമാലയന്റെ ടീസർ പുറത്തിറക്കി റോയൽ എൻഫീൽഡ്. ഒരു ചെറിയ വീഡിയോ ക്ലിപ്പിലൂടെ വളരെ കുറച്ച് വിവരങ്ങൾ മാത്രം വെളിപ്പെടുത്തിക്കൊണ്ട്, വിവിധ പ്ലാറ്റ്‌ഫോമുകളിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് കമ്പനി. ഇറ്റലിയിലെ മിലാനിൽ നവംബർ ആറിന് നടക്കുന്ന EICMA 2025-ൽ വാഹനം അവതരിപ്പിക്കും.

To advertise here,

ഈ ടീസർ ഹിമാലയൻ 750-യുടേത് ആണെന്നാണ് ചില അഭ്യൂഹങ്ങൾ. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ടീസറിൽ കാണിച്ചിരിക്കുന്ന മോട്ടോർസൈക്കിൾ ഹിമാലയൻ 450-ന്റെ ഒരു പ്രത്യേക പതിപ്പായിരിക്കാനാണ് സാധ്യതയെന്ന് വ്യക്തമാകും.

450-യുടെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ഓഫ്-റോഡിൽ കൂടുതൽ കഴിവുള്ള തരത്തിൽ രൂപകൽപന ചെയ്ത ഈ ബൈക്ക്, റാലി എഡിഷനാണ്. നിലവിൽ ഈ മോഡലിന്റെ പേര് സ്ഥിരീകരിച്ചിട്ടില്ല. ഇതിനെ ഹിമാലയൻ 450 റെയ്ഡ് എന്ന് വിളിക്കാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൂടാതെ അതിന്റെ ഓഫ്-റോഡ് സ്വഭാവസവിശേഷതകൾ എടുത്തു കാണിക്കുന്നതിനായി സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ രൂപഭംഗിയിലും മെക്കാനിക്കലുമായ മാറ്റങ്ങൾ ഇതിലുണ്ടാകും.

 

സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ സസ്പെൻഷൻ ട്രാവൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മുൻവശത്തുള്ള യുഎസ്ഡി ഫോർക്കുകലും പിന്നിലുള്ള മോണോഷോക്കും അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യം നിർമാതാക്കൾ നൽകാനും സാധ്യതയുണ്ട്. അതേസമയം, ബ്രേക്കിങ് സംവിധാനം നിലവിലുള്ളത് തന്നെ തുടരാനാണ് സാധ്യത.

ഇതിൽ മുൻവശത്ത് ഡ്യുവൽ പിസ്റ്റൺ കാലിപ്പറുകളോടു കൂടിയ 320 എംഎം വെന്റിലേറ്റഡ് ഡിസ്കും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള 270 എംഎം ഡിസ്കും ഉൾപ്പെടുന്നു. ഓഫ്-റോഡ് ടയറുകൾ ഘടിപ്പിക്കാനാണ് സാധ്യത.

എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലും ചില മാറ്റങ്ങൾ വന്നേക്കാം. സമാനമായ 452 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും പുതിയ മോഡലിനും കരുത്തേകുക. 40 എച്ച്പി പവറും 40 എൻഎം ടോർക്കുമാണ് ഇതിന്റെ കരുത്ത്. ആറ് സ്പീഡ് ഗിയർബോക്സാണുള്ളത്.

ഹിമാലയൻ 450-നെ അപേക്ഷിച്ച് നീളം കുറഞ്ഞതും പുറത്തേക്ക് തള്ളിനിൽക്കുന്നതുമായ ടെയിൽ സെക്ഷൻ, പുതിയ പെയിന്റ് സ്കീം ഓപ്ഷനുകൾ തുടങ്ങീ രൂപഭംഗിയിലുള്ള മാറ്റങ്ങൾ ഈ നവീകരണങ്ങൾക്ക് മാറ്റുകൂട്ടും. ഇതോടൊപ്പം, നിരവധി ആക്‌സസറികളും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.