ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല, ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നു. ഇതിന്റെ തുടക്കമെന്നോണം ഒല റോഡസ്റ്റര്‍ ബൈക്കുകളുടെ നിര പ്രദര്‍ശിപ്പിച്ചു. റോഡ്‌സ്റ്റര്‍ എക്‌സ്, റോഡ്‌സ്റ്റര്‍, റോഡ്‌സ്റ്റര്‍ പ്രോ എന്നീ മൂന്ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മോഡലുകളാണ് ഒല പുറത്തിറക്കുന്നത്. മൂന്ന് നിരകളിലായി എട്ട് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് ബൈക്കുകള്‍ക്ക് 74,999 രൂപ മുതല്‍ 2.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 

To advertise here,

ബൈക്കുകള്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിച്ചെങ്കിലും 2025-ല്‍ മാത്രമായിരിക്കും ഈ മോഡലുകള്‍ നിരത്തുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് റോഡ്‌സ്റ്റര്‍ എക്‌സ് മോഡലുകള്‍ എത്തുക. 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെയാണ് ബാറ്ററിയുടെ ശേഷി. 4.5 കിലോവാട്ട്, ആറ് കിലോവാട്ട് എന്നീ ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും റോഡ്‌സ്റ്റര്‍ മോഡല്‍ എത്തുന്നത്. ഉയര്‍ന്ന വകഭേദമായ പ്രോയില്‍ എട്ട് കിലോവാട്ട്, 16 കിലോവാട്ട് ബാറ്ററി പാക്കുകളും നല്‍കും. 

റോഡ്‌സ്റ്റര്‍ എക്‌സ് എന്ന അടിസ്ഥാന മോഡലില്‍ 14.9 പി.എസ്. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും സ്ഥാനം പിടിക്കുക. ഇതിലെ 4.5 കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡല്‍ 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. മണിക്കൂറില്‍ 124 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗതയായി നല്‍കുന്നത്.  കേവലം 2.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക. 

റോഡ്‌സ്റ്റര്‍ എന്ന വേരിയന്റിലും മൂന്ന് ബാറ്ററി പാക്ക് ഒാപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ 17.6 പി.എസ്. കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് എല്ലാ ബാറ്ററി പാക്ക് ഓപ്ഷനുകളിലും നല്‍കുന്നത്. ഇതിലെ ആറ് കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡല്‍ 248 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കും. പരമാവധി വേഗത മണിക്കൂറില്‍ 126 കിലോമീറ്റര്‍ ഉള്ള ഈ മോഡല്‍ കേവലം രണ്ട് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് ഒല അവകാശപ്പെടുന്നത്. 

പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്കുകളുടെ കരുത്തുമായാണ് ഒല റോഡസ്റ്റര്‍ പ്രോ എന്ന മോഡല്‍ എത്തുന്നത്. എട്ട് കിലോവാട്ട്, 16 കിലോവാട്ട് ബാറ്ററി പാക്കുകളില്‍ എത്തുന്ന ഈ പതിപ്പിലെ മോട്ടോര്‍ 70 പി.എസ്. പവറും 105 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. 16 കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡല്‍ 1.2 സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗമെടുക്കും. രണ്ടാമത്തെ പതിപ്പ് 1.9 സെക്കന്റില്‍ ഈ വേഗത്തിലെത്തും. 248 കിലോമീറ്റര്‍ റേഞ്ചുള്ള ഈ മോഡലിന്റെ പരമാവധി വേഗത 126 കിലോമീറ്ററാണ്. 

മൂന്ന് മുതല്‍ നാലുവരെ റൈഡിങ് മോഡുകള്‍, 4.3 ഇഞ്ച് എല്‍.ഇ.ഡി, 6.8 ഇഞ്ച്, 10 ഇഞ്ച് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുകള്‍, അഡാസ് ലെവല്‍ 3 ഫീച്ചറുകള്‍, റേസ് മോഡ്, യു.എസ്.ഡി. ഫോര്‍ക്ക്-മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ സംവിധാനം, ഡിസ്‌ക് ബ്രേക്കുകള്‍, സ്വിച്ചബിള്‍ എ.ബി.എസ്. ഫീച്ചര്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, കണക്ടിവിറ്റി ഫീച്ചറുകള്‍ തുടങ്ങി പുതുതലമുറ സംവിധാനങ്ങളുടെ അകമ്പടിയോടെയുള്ള ഫീച്ചറുകളായിരിക്കും ഈ ബൈക്കുകള്‍ നല്‍കുക.