ഡയമണ്ട്‌ഹെഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് ഓല ഇലക്ട്രിക്. രണ്ട് സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് പെര്‍ഫോമന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബൈക്കിന്റെ മുഖ്യസവിശേഷത. ഭാരം കുറയ്ക്കാനും പ്രകടനം മെച്ചപ്പെടുത്താനും സ്‌പേസ്-ഗ്രേഡ് അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാവും നിര്‍മാണം. അഞ്ച് ലക്ഷം രൂപയാവും വില.

To advertise here,

അത്യാധുനികമായ ഡിസൈനാണ് ഡയമണ്ട്‌ഹെഡിനെ വ്യത്യസ്തമാക്കുന്ന മറ്റൊരുഘടകം. പേര് സൂചിപ്പിക്കുന്നത് പോലെ ഡയമണ്ട് ആകൃതിയുള്ളതാണ് മുന്‍ഭാഗം. നേര്‍ത്ത എല്‍ഇഡി ലൈറ്റ് സ്ട്രിപ്പാണ് ഹെഡ് ലൈറ്റിന്റെ സ്ഥാനത്തുള്ളത്, ഷാര്‍പ്പാണ് പിന്‍ഭാഗം. മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ആകര്‍ഷകമായ ബോഡി പാനലുകള്‍. ആക്ടീവ് എയറോഡൈനാമിക്‌സ്, അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ കുറച്ചുകാലമായി മോട്ടോര്‍സൈക്കിളുകളില്‍ ലഭ്യമാണെങ്കിലും, ഡയമണ്ട്‌ഹെഡ് 'ആക്ടീവ് എര്‍ഗണോമിക്‌സ്' കൂടി അവതരിപ്പിക്കും. യാത്രയ്ക്കിടെ ഹാന്‍ഡില്‍ബാറുകളോ ഫുട്ട് പെഗുകളോ ക്രമീകരിച്ചുകൊണ്ട് ബൈക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ റൈഡറെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.

കൂടാതെ, ADAS, ട്രാക്ഷന്‍ കണ്‍ട്രോള്‍, AI സംയോജനം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഡയമണ്ട്‌ഹെഡില്‍ സജ്ജീകരിക്കും. ഇതിനുപുറമെ, ഓല വികസിപ്പിക്കുന്ന 'സ്മാര്‍ട്ട് AR' ഹെല്‍മെറ്റും സ്മാര്‍ട്ട് വെയറബിള്‍സും മോട്ടോര്‍സൈക്കിളുമായി ചേര്‍ന്ന് ഒരു സംയോജിത ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിലൂടെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 2027-ഓടെ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

ഓലയുടെ ഭാരത് സെല്‍ 4680 ബാറ്ററിയാണ് ഡയമണ്ട്‌ഹെഡിന്റെ ഊര്‍ജ്ജ സ്രോതസ്സ്. ഉത്പാദനം ആരംഭിക്കുമ്പോഴേക്കും, കൂടുതല്‍ പവര്‍, മെച്ചപ്പെട്ട റേഞ്ച്, മികച്ച പ്രകടനം എന്നിവയ്ക്കായി ഈ ബാറ്ററി നവീകരിക്കാന്‍ ഓല പദ്ധതിയിടുന്നുണ്ട്. വിപണിയില്‍ എത്തുമ്പോള്‍, അള്‍ട്രാവയലറ്റ് എ77 പോലുള്ള മറ്റ് ഉയര്‍ന്ന നിലവാരത്തിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇത് ഒരു എതിരാളിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.