ടീസറുകളും ചിത്രങ്ങളും വെളിപ്പെടുത്തി വരവറിച്ച മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് ബൈക്കായ മോജോ 300 എബിഎസിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ ഒടുവില്‍ അവതരിപ്പിച്ചു. ബിഎസ്-4 മോഡലിനെക്കാള്‍ 10,000 രൂപ വില വര്‍ധിപ്പിച്ച് 1.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മഹീന്ദ്രയുടെ പുതിയ മോജോ 300 എബിഎസ് എത്തിയിരിക്കുന്നത്. 

To advertise here,

പുതിയ നാല് നിറങ്ങളിലും കൂടുതല്‍ പ്രകൃതിസൗഹാര്‍ദമായ എന്‍ജിനിലുമെത്തുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വാഹനത്തിന്റെ ഡിസൈനിലും മറ്റും നിര്‍മാതാക്കള്‍ കൈവെച്ചിട്ടില്ല. വാഹനങ്ങളിലെ എന്‍ജിന്‍ മാണദണ്ഡം മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് മോജോ 300-ന്റെ ബിഎസ്-4 എന്‍ജിന്‍ പതിപ്പ് നിരത്തൊഴിഞ്ഞത്. 

റൂബി റെഡ്, ബ്ലാക്ക് പേള്‍, ഗ്രാനൈറ്റ് ബ്ലാക്ക്, റെഡ് അഗേറ്റ് തുടങ്ങിയ പുതിയ നാല് നിറങ്ങളിലാണ് മോജോ 300 എബിഎസ് എത്തുന്നത്. ഡ്യുവല്‍ ഹെഡ്‌ലാമ്പ്, 21 ലിറ്റര്‍ ശേഷിയുള്ള വലിയ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, അലോയി വീല്‍ എത്തിവ മുന്‍ മോഡലിലേത് തുടരും. ടാങ്കില്‍ ബിഎസ്-6 ഡീക്കല്‍ നല്‍കിയിരിക്കുന്നത് ഈ മോഡലിലെ പുതുമയാണ്. 

അനലോഗ് ടാക്കോമീറ്ററും, സ്പീഡ്, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ചെറിയ ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്ന സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന രണ്ട് വേരിയന്റുകള്‍ക്ക് പകരം ഒറ്റ വേരിയന്റിലായിരിക്കും ഈ ബൈക്കിന്റെ രണ്ടാം വരവ്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോ ഷോക്കുമായിരിക്കും പുതിയ മോജോയില്‍ യാത്രാസുഖം നല്‍കുന്നത്. മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിക്‌സുമായിരിക്കും ബ്രേക്കിംങ്ങ് ഒരുക്കുന്നതെന്നാണ് വിവരം. ബ്രേക്കിങ്ങ് സുരക്ഷിതമാക്കുന്നതിനായി എബിഎസും നല്‍കിയിട്ടുണ്ട്.

ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ത്തിയ 295 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മോജോ 300-ന് കരുത്തേകുന്നത്. ഇത് 26.29 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-4 എന്‍ജിനെ അപേക്ഷിച്ച് കരുത്ത് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

Content Highlights: Mahindra Mojo BS6 Engine Model Launched In India