കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും നിസാറിന്റെ 'മാസ്' ബൈക്കാണിപ്പോള്‍ താരം. പക്ഷേ, ഒരു വ്യത്യാസമുണ്ട് ഈ ബൈക്കിന്. കടയില്‍നിന്ന് വാങ്ങിയതല്ല, നിസാര്‍ സ്വന്തമായി നിര്‍മിച്ചതാണിത്. ചെറിയ ഒരു മൂളലോടെ റോഡില്‍ നീങ്ങുന്ന ഈ ബൈക്ക് 'മാസ്' എന്ന ബ്രാന്‍ഡിലാണ് നിസാര്‍ റോഡിലിറക്കിയിട്ടുള്ളത്.

To advertise here,

എടവിലങ്ങിലെ അറിയപ്പെടുന്ന മെക്കാനിക്കായിരുന്ന മാനങ്കേരി സക്കരിയയുടെ മകനാണ് നിസാര്‍. വമ്പന്‍ കമ്പനികളുടെ പുത്തന്‍ ബൈക്കുകളെ വെല്ലുന്ന രീതിയിലുള്ള ഫിനിഷിങ്ങാണ് ബൈക്കിന്റെ എടുത്തുപറയേണ്ട പ്രത്യേകത. 175 കിലോ ഭാരമുള്ള ബൈക്ക് ഒരുതവണ ചാര്‍ജ് ചെയ്താല്‍ 22 കിലോമീറ്റര്‍ വരെ യാത്രചെയ്യാനാകും.

ലിഫ്റ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഡി.സി. മോട്ടോര്‍ ഡല്‍ഹിയില്‍നിന്ന് വരുത്തിയാണ് ഇതിന്റെ എന്‍ജിനായി രൂപാന്തരപ്പെടുത്തിയത്. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍നിന്നാണ് വീലുകള്‍ കണ്ടുപിടിച്ചത്. എന്‍ജിന്റെ ശേഷിക്കനുസരിച്ചുള്ള ചെയിന്‍ സോക്കറ്റ് അങ്കമാലിയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ പ്രത്യേകം നിര്‍മിച്ചതാണ്.

ജി.ഐ. ഷീറ്റുകള്‍ മുറിച്ചെടുത്ത് രാകിമിനുക്കിയാണ് ബൈക്കിന്റെ മറ്റു ഭാഗങ്ങളെല്ലാം കണിശമായ അളവുതൂക്കങ്ങളോടെ തയ്യാറാക്കിയത്. വാപ്പയുടെ മരണശേഷമാണ് നിസാര്‍ എടവിലങ്ങ് ചന്തയില്‍ വാപ്പ നടത്തിയിരുന്ന, അമ്പത് വര്‍ഷം പഴക്കമുള്ള 'മാസ്' എന്ന സൈക്കിള്‍ക്കട ഏറ്റെടുക്കുന്നത്. 

ഇവിടെ സൈക്കിളും ബൈക്കുകളും നന്നാക്കലും പഞ്ചര്‍ ഒട്ടിക്കലുമൊക്കെയായി കഴിയുന്നതിനിടയിലാണ് വൈദ്യുതിയില്‍ ഓടുന്ന ബൈക്ക് നിര്‍മിക്കണമെന്ന ആശയം മനസ്സിലുദിച്ചത്. കഴിഞ്ഞ 10 മാസമായി രാത്രി കടയുടെ സമയം കഴിഞ്ഞാല്‍ എട്ട് മുതല്‍ 11 വരെയുള്ള മൂന്ന് മണിക്കൂര്‍ ഈ ബൈക്കിന്റെ നിര്‍മാണത്തിനായി നീക്കിവെക്കും. അങ്ങനെ 10 മാസംകൊണ്ടാണ് ആഡംബരബൈക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. 

രജിസ്ട്രേഷനും ലൈസന്‍സും മറ്റു നിയമക്കുരുക്കുകളുമില്ലാത്തതിനാലാണ് വൈദ്യുതിയിലോടുന്ന ബൈക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് നിസാര്‍ പറയുന്നു. ഒരു ലക്ഷത്തോളം രൂപ ചെലവായി. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ബാറ്ററിക്ക് പകരം കൂടുതല്‍ ചാര്‍ജ് സംഭരിക്കാവുന്ന ബാറ്ററി സ്ഥാപിച്ചാല്‍ 60 കിലോ മീറ്റര്‍ വരെ ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുമെന്നും നിസാര്‍ അവകാശപ്പെടുന്നു.

Content Highlights: Kodungallur Native Nissar Made Electric Luxury Bike In 10 Months