തുടക്കക്കാർക്കായുള്ള അഡ്വഞ്ചർ ടൂറർ ബൈക്കുകൾ തേടുന്ന ഉപഭോക്താക്കൾക്കായി വേർസിസ്-എക്സ് 300നെ ഇന്ത്യയിലെത്തിച്ച് ജാപ്പനീസ് ഐക്കോണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി. പൂർണമായി വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് വാഹനം വിൽക്കുക. റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ എന്നീ മോഡലുകളാണ് വേർസിസ്-എക്സ് 300 2025 പതിപ്പിന്റെ പ്രധാന എതിരാളികൾ. 3.80 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം).
കവാസാക്കി വേർസിസ്-എക്സ് 300 അതിന്റെ കരുത്ത് കൂടിയ വലിയ മോഡലുകളുടെ അതേ വ്യക്തിത്വം നിലനിർത്തുന്നുണ്ട്. വലിയ വിൻഡ്‌സ്‌ക്രീനിനൊപ്പം സവിശേഷമായ ഹെഡ്‌ലാമ്പ് ഡിസൈനും ലഭിക്കുന്നു. വശങ്ങളിലുള്ള ഫെയറിങ്ങ് ഈ ശ്രേണിയിലെ വലിയ ബൈക്കുകൾക്ക് സമാനമായ രൂപഭംഗി നൽകുന്നുണ്ട്. സിംഗിൾ പീസ് സീറ്റാണുള്ളത്. കാൻഡി ലൈം ഗ്രീൻ ടൈപ്പ് 3 വിത്ത് മെറ്റാലിക് ഫ്ലാറ്റ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് ഓഷ്യൻ ബ്ലൂ വിത്ത് പേൾ റോബോട്ടിക് വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ വേർസിസ്-എക്സ് 300 സ്വന്തമാക്കാം.
130 എംഎം ട്രാവൽ നൽകുന്ന ടെലിസ്കോപ്പിക് ഫോർക്ക് മുന്നിലും 148 എംഎം ട്രാവൽ നൽകുന്ന മോണോഷോക്ക് പിന്നിലും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു. മുന്നിൽ 290 എംഎം സിംഗിൾ-ഡിസ്‌ക് ബ്രേക്കിൽ ഡ്യുവൽ-പിസ്റ്റൺ കാലിപ്പറുകളും പിന്നിൽ 220 എംഎം സിംഗിൾ-ഡിസ്‌ക് വിത്ത് ഡ്യുവൽ-പിസ്റ്റൺ കാലിപ്പറുമാണ് ബ്രേക്കിങ്ങ് ചുമതലകൾ നിർവ്വഹിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസും ഉണ്ട്. മുൻവശത്ത് 19 ഇഞ്ചും പിൻവശത്ത് 17 ഇഞ്ചും സ്പോക്ക് വീലുകളാണുള്ളത്.
OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്ന 296 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എൻജിനാണ് വാഹനത്തിന്റെ ഹൃദയം. നിഞ്ച 300-ന് വേണ്ടി ബ്രാൻഡ് ഉപയോഗിക്കുന്ന അതേ എൻജിനാണിത്. 40 എച്ച്പി പവറും 25.7 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചോടുകൂടിയ 6-സ്പീഡ് ഗിയർബോക്സും ഉണ്ട്. ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിലുള്ളത്.
Content Highlights: Kawasaki Versys X 300 Launched India
Published: 22 May 2025, 05:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented