ജോൺ എബ്രഹാം എന്ന നടനെ സിനിമ പ്രേമികളെക്കാൾ ഏറെ സ്‌നേഹിക്കുന്നത് ബൈക്ക് പ്രേമികളായിരിക്കും. അദ്ദേഹത്തിന്റെ കൈവശമുള്ള ബൈക്കുകളുടെ ശേഖരവും സൂപ്പർ ബൈക്കുകളോട് അദ്ദേഹത്തിനുള്ള ഭ്രമവും തന്നെയാണ് ഇതിന് കാരണം. അടുത്തിടെ അദ്ദേഹത്തിന് ലഭിച്ച ഒരു സമ്മാനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. സുസുക്കിയുടെ സ്‌പോർട്‌സ് ഹയാബുസയാണ് അദ്ദേഹത്തിന് ഒരു ആരാധകൻ സമ്മാനിച്ചിരിക്കുന്നത്.

To advertise here,

ലക്ഷങ്ങൾ വിലയുള്ള ബൈക്ക് സമ്മാനമായി നൽകിയെന്ന് ഓർത്ത് അദ്ഭുതപ്പെടേണ്ട. ഹയാബുസയുടെ മിനിയേച്ചർ പതിപ്പാണ് ജോൺ എബ്രഹാമിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അങ്ങനെ വെറുമൊരു മിനിയേച്ചറുമല്ല ഇത്. എൻജിനും എക്‌സ്‌ഹോസ്റ്റുമെല്ലാമുള്ള പ്രവർത്തിക്കുന്ന മിനിയേച്ചർ ബൈക്കാണ്. അദ്ദേഹത്തെ ഏറ്റവുമധികം സന്തോഷിപ്പിച്ചതും ഈ ബൈക്കിന് ശബ്ദമുള്ളതും പ്രവർത്തിക്കാൻ സാധിക്കുമെന്നുമുള്ളതാണെന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്.

ഞാൻ ഇത് ഓടിക്കണോയെന്നും ഇതിൽ ഇരിക്കണോയെന്നുമെല്ലാം സമ്മാനം നൽകിയ വ്യക്തിയോട് ജോൺ ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമ്മാനം നൽകിയതിന് പിന്നിലും ഒരു കഥയുണ്ട്. ജോൺ എബ്രഹാമിന്റെ എല്ലാ കാലത്തേയും ഹിറ്റുകളിൽ ഒന്നാണ് ധൂം എന്ന സൂപ്പർ ഹിറ്റ് ചിത്രം. ഈ സിനിമയിലെ അഭ്യാസങ്ങളിൽ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഹയാബുസയാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ നിറത്തിൽ തന്നെയാണ് ഈ കുഞ്ഞൻ ഹയാബുസയും ഒരുങ്ങിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ പക്ഷിയായി കണക്കാക്കപ്പെടുന്ന പെരഗ്രിൻ ഫാൽക്കൺ എന്ന പേരിന്റെ ജാപ്പനീസ് വാക്കാണ് ഹയാബുസ. 1999-ൽ പുറത്തിറങ്ങിയ ഹയാബുസ ഏറ്റവും വേഗമേറിയ ബൈക്ക് എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേരെ വേഗമെടുക്കാൻ സാധിക്കുന്ന ബൈക്കായിരുന്നു ഹയാബുസയെന്നാണ് വിലയിരുത്തലുകൾ. പതിറ്റാണ്ടുകൾക്ക് ഇപ്പുറവും സൂപ്പർ ബൈക്കുകൾക്കിടയിൽ ഇന്നും താരമായി വിലസുന്ന മോഡലുമാണ് ഹയാബുസ.

1340 സിസി ഇൻലൈൻ നാല് സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഹയാബുസ എന്ന കരുത്തൻ ബൈക്കിന്റെ ഹൃദയം. 197 എച്ച്പി പവറും 150 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ സംവിധാനത്തിലുള്ള ആറ് സ്പീഡ് ഗിയർബോക്സാണ് ഈ സൂപ്പർ ബൈക്കിൽ ട്രാൻസ്മിഷൻ നിർവഹിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡലുകൾ എന്നിവയുടെ അകമ്പടിയോടെ എത്തുന്ന ഈ ബൈക്കിന് 18 ലക്ഷം രൂപയ്ക്ക മുകളിലാണ് വില.