ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ കരുത്തന്‍ മോഡലുകളാണ് ഹോര്‍നെറ്റ് 2.0, ഡിയോ എന്നിവയുടെ റെപ്‌സോള്‍ എഡിഷനുകള്‍ അവതരിപ്പിച്ചു. റെപ്‌സോള്‍ ഹോണ്ട റേസിങ്ങ് ടീമിന്റെ മെഷിനുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനിലാണ് ഈ രണ്ട് ലിമിറ്റഡ് എഡിഷന്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 

To advertise here,

ഇരു വാഹനങ്ങളുടെയും റെഗുലര്‍ രൂപം നിലനിര്‍ത്തുന്നതിനൊപ്പം ഓറഞ്ച് നിറത്തിലുള്ള വീല്‍ റിമ്മുകളും റെപ്‌സോള്‍ ഡിസൈന്‍ തീമും ഗ്രാഫിക്‌സും നല്‍കിയാണ് ഹോര്‍നെറ്റ് 2.0, ഡിയോ മോഡലുകള്‍ അലങ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ റേസിങ്ങ് പ്രേമികള്‍ക്കായി ഇത്തരത്തില്‍ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് ഹോണ്ട അഭിപ്രായപ്പെട്ടത്. 

ഹോണ്ടയുടെ ഇക്കോ ടെക്‌നോളജിയുള്ള 110 സിസി പി.ജി.എം-എഫ്.ഐ എന്‍ജിനാണ് ഡിയോയിക്ക് കരുത്തേകുന്നത്. ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റേപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പാസിങ്ങ് സ്വിച്ച്, എന്‍ജിന്‍ കട്ട്-ഓഫ് സ്വിച്ച്, സൈഡ് സ്റ്റാന്റ് ഇന്റേക്കേറ്റര്‍ എന്നിവയാണ് ഡിയോയില്‍ നല്‍കിയിട്ടുള്ളത്. 

ഇതിനുപുറമെ, ഡിയോ റെപ്‌സോളിനെ ഫീച്ചര്‍ സമ്പന്നമാക്കുന്നതിനായി ഡി.സി എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, അഡ്ജസ്റ്റ് ചെയ്യാവുന്ന ബാക്ക് സസ്‌പെന്‍ഷന്‍, കോംമ്പി ബ്രേക്കിങ്ങ് സിസ്റ്റം, ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്‌സ്, മൂന്ന് ഭാഗങ്ങളുള്ള ഇക്കോ ഇന്റിക്കേറ്റര്‍, ഫ്രണ്ട് പോക്കറ്റ് തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ ഹോണ്ട ഒരുക്കിയിട്ടുണ്ട്. 

പുതിയ ആറ് പേറ്റന്റ് ആപ്ലിക്കേഷനുമായാണ് ഹോര്‍നെറ്റ് 2.0 എത്തിയിട്ടുള്ളത്. ഗോള്‍ഡന്‍ അപ്പ് സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക്, എന്‍ജിന്‍ സ്‌റ്റോപ്പ് സ്വിച്ച്, ഹസാര്‍ഡ് സ്വിച്ച്, ഫുള്ളി ഡിജിറ്റല്‍ നെഗറ്റീവ് ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, സമ്പൂര്‍ണ എല്‍.ഇ.ഡി ലൈറ്റിങ്ങ് പാക്കേജ്, സ്‌പോര്‍ട്ടി സ്പ്ലിറ്റ് സീറ്റ്, കീ ഓണ്‍ ടാങ്ക് പ്ലേസ്‌മെന്റ് എന്നിവയാണ് ഇവ. 

ഹോണ്ടയുടെ ഹോര്‍നെറ്റ് 2.0 റെപ്‌സോള്‍ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 1.28 ലക്ഷം രൂപയും, ഡിയോ റെപ്‌സോള്‍ എഡിഷന് 69,757 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. വരുന്ന ആഴ്ച മുതല്‍ രാജ്യത്തെ ഹോണ്ടയുടെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഈ വാഹനം ലഭ്യമാക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

Content Highlights: Honda unveils all new Repsol Honda editions of Hornet 2.0 & Dio