രണ്ട് പുത്തൻ മോഡലുകൾ പുറത്തിറക്കി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI). CB 125 ഹോർനെറ്റ്, ഷൈൻ 100 DX എന്നീ ബൈക്കുകളാണ് ഹോണ്ട ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിച്ചിരിക്കുന്നത്. നഗരയാത്രകൾക്ക് സൗകര്യപ്രദമായ രീതിയിലും ദൈനംദിന യാത്രകൾക്ക് വിശ്വസിക്കാവുന്ന വാഹനമായുമാണ് രണ്ട് മോഡലുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്റ്റൈലിന് പ്രാധാന്യം നൽകുന്ന യുവ റൈഡർമാരെ ലക്ഷ്യമിട്ടാണ് ഹോണ്ട CB 125 ഹോർനെറ്റ് എത്തുന്നത്. 124 സിസി എൻജിനാണ് ഇതിന് കരുത്തേകുന്നത്. വെറും 5.4 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനം ഈ സെഗ്മെന്റിലെ കരുത്തനാണ്. ഫുൾ എൽഇഡി ലൈറ്റിങ് സിസ്റ്റം, ഗോൾഡൻ അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, ബ്ലൂടൂത്തോടുകൂടിയ ഡിജിറ്റൽ ഡിസ്‌പ്ലേ തുടങ്ങിയ ആകർഷകമായ ഫീച്ചറുകൾ ഇതിലുണ്ട്.
നാവിഗേഷൻ നിർദേശങ്ങൾ, കോൾ അലേർട്ടുകൾ, മെസേജുകൾ എന്നിവ ലഭിക്കും. ഫോൺ ചാർജ് ചെയ്യാനായി ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടും ബൈക്കിലുണ്ട്. നാല് ആകർഷകമായ നിറങ്ങളിലും മസ്കുലർ ഡിസൈനിലുമുള്ള ഹോർനെറ്റ് ആരുടെയും ശ്രദ്ധ ആകർഷിക്കും. 1.12 ലക്ഷം (എക്സ്-ഷോറൂം) ആണ് പ്രാരംഭ വില.

അതേസമയം സുഖസൗകര്യം, വിശ്വാസ്യത, ദൈനംദിന ഉപയോഗം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ഹോണ്ട ഷൈൻ 100 DX നിർമിച്ചിരിക്കുന്നത്. 'ഷൈൻ' പാരമ്പര്യം നിലനിർത്തിക്കൊണ്ട് ദൈനംദിന യാത്രകൾ കൂടുതൽ മികച്ചതാക്കാൻ ആധുനിക ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച മൈലേജും സുഗമമായ പ്രകടനവും നൽകുന്ന 99 സിസി എൻജിനാണ് ഷൈൻ 100 DX-ന് കരുത്തേകുന്നത്.
റിയൽ ടൈം ഫ്യൂവൽ മൈലേജ്, ഇന്ധനം തീരുവാൻ ബാക്കിയുള്ള ദൂരം (distance to empty), സർവീസ് റിമൈൻഡറുകൾ എന്നിവ കാണിക്കുന്ന ഒരു പുതിയ ഡിജിറ്റൽ സ്ക്രീനും വാഹനത്തിലുണ്ട്. ലളിതവും എന്നാൽ സ്റ്റൈലിഷുമായ രൂപകൽപനയും ക്രോം ടച്ചുകളും നാല് ആകർഷകമായ നിറങ്ങളും പുത്തൻ ഷൈനിന്റെ സവിശേഷതകളാണ്.
ഡ്രം ബ്രേക്കുകൾ, ഹോണ്ടയുടെ കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം (സിബിഎസ്) തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. 74,959 (എക്സ്-ഷോറൂം) ആണ് വില.
Content Highlights: honda-launches-cb125-hornet-shine-100-dx
Published: 01 Aug 2025, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented