അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളിലൊന്നായ ഹീറോ മോട്ടോ കോർപ്പും തമ്മിലുള്ള പങ്കാളിത്തം ദീർഘിപ്പിക്കുന്നു. നിലവിലെ എക്‌സ് 440 ശ്രേണി വിപുലീകരിക്കാനും പുതിയ മോട്ടോർസൈക്കിളുകൾ വികസിപ്പിക്കാനുമാണ് കമ്പനികളുടെ നീക്കം.
എക്‌സ്440 യുടെ അതേ പ്ലാറ്റ്ഫോമിൽ രണ്ട് കമ്പനികളും പുതിയ വാഹനങ്ങൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു സ്ക്രാംബ്ലർ മോഡലും ഉൾപ്പെടുമെന്നാണ് വിവരം. ഹാര്‍ലിയുമായുള്ള സഹകരണത്തിന്റെ ഭാഗമായി എക്സ് 440യുടെ അതേ പ്ലാറ്റ്ഫോമിൽ മാർവിക് 440 എന്ന ഹീറോ മോഡൽ വിപണിയിലെത്തിച്ചിരുന്നു.
വരും വർഷങ്ങളിൽ പ്രീമിയം മോട്ടോർസൈക്കിളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹീറോ ലക്ഷ്യമിടുന്നത്. എക്സ്ട്രീം 250R, എക്സ്.എം.ആർ 250 എന്നീ മോഡലുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവതരിപ്പിക്കും. എക്സ് പൾസ് 421ഉം വരാനിരിക്കുന്ന മോഡലാണ്. 2025-ൽ വിവിധ മോഡലുകൾ വിപണിയിലെത്തിച്ച് നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് ഹീറോ.
2020 സെപ്റ്റംബറിൽ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഹാര്‍ലിയുമായി സഹകരണം പ്രഖ്യാപിച്ച് ഹീറോയുടെ അറിയിപ്പ് എത്തുകയായിരുന്നു. ഹാര്‍ലിയുടെ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍ക്കാനും സര്‍വീസിനുമായിരുന്നു ഇരുകമ്പനികളും തമ്മില്‍ സഹകരണം പ്രഖ്യാപിച്ചത്. ഈ കൂട്ടുക്കെട്ടിന്റെ അടിസ്ഥാനത്തിലെത്തിയ ആദ്യ മോഡലായിരുന്നു എക്‌സ്440. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാജസ്ഥാനിലെ നീമ്രാനയിലുള്ള ഹീറോ മോട്ടോർകോർപ്പിന്റെ കമ്പനിയിലാണ് എക്‌സ് 440 നിർമിക്കുന്നത്.
ആഡംബരത്തിനൊപ്പം കരുത്തന്‍ മോഡലുകളും എത്തിച്ചിരുന്ന ഹാര്‍ളിയുടെ വാഹന നിരയിലെ ഏറ്റവും കരുത്ത് കുറഞ്ഞ മോഡലും ഏറ്റവും വില കുറഞ്ഞ മോഡലുമായിരുന്നു എക്‌സ് 440. ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ബൈക്കിന് യഥാക്രമം 2.39 ലക്ഷം, 2.59 ലക്ഷം, 2.79 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 440 സി.സി. ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 27 ബി.എച്ച്.പി. പവറും 38 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Hero MotoCorp and Harley Davidson Extend Partnership To Collaborate New Motorcycle
Published: 31 Dec 2024, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented